തൃശൂർ: ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളത്തിൽ ഒരു മാറ്റവും ഉണ്ടായില്ലെന്ന് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേകർ. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യവസായങ്ങളും തുടങ്ങാൻ തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നിക്ഷേപകരെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് കേരളത്തിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ടൂറിസം സാധ്യതകൾ ഏറെയാണ് പക്ഷേ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ വൻ പരാജയമാണ്. തൊഴിൽ സാദ്ധ്യതകൾ ഏറെ ഉണ്ടായിരുന്നിട്ടും തൊഴിൽ തേടി യുവാക്കൾക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യമാണ് ഉള്ളത്. ക്യാമ്പസുകളിൽ എസ്എഫ്‌ഐയുടെ അരാജകത്വമാണ് നടക്കുന്നത്. സിദ്ധാർത്ഥിന്റെ കൊലപാതകം അതിന്റെ ഉദാഹരണമാണ്. അത് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ വൈസ് ചാൻസിലർ തന്നെ ഉത്തരവിടുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖല തകർന്ന നിലയിലാണ്. പഠനത്തിനായി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് കേരളത്തിൽ. കേരളാ ഗവർണറുടേത് ഭരണഘടനാ പദവിയാണ് പക്ഷേ ആ ഗവർണറെ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ ഗ്യാരന്റി വേണമോ എന്നതാണ് കേരളത്തോട് ചോദിക്കാനുള്ളത്. ഈ സാഹചര്യത്തിൽ അഴിമതി നിറഞ്ഞ യുഡിഎഫ് ഭരണമാണോ വേണ്ടത് ബന്ധു നിയമനം നടത്തുന്ന എൽഡിഎഫ് ഭരണമാണോ മോദിയുടെ ഗ്യാരന്റിയാണോ വേണ്ടതെന്നാണ് ചോദിക്കാനുളളതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ സർക്കാർ തീരുമാനം എടുത്തില്ല. കേരളത്തിൽ മറ്റാരുടെയും മക്കൾക്കെതിരെ അന്വേഷണം വരുന്നില്ലല്ലോ.. കുറ്റം ചെയ്തവർക്കെതിരെ ആണ് അന്വേഷണം നടക്കുന്നത്. ഇഡി ആരുടെയും ആയുധമല്ല, ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രകാശ് ജാവദേകർ പറഞ്ഞു.















