ന്യൂഡൽഹി: അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടിയാണെന്ന് സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ടൈംസ് നൗ സമ്മിറ്റിലായിരുന്നു കോൺഗ്രസിന്റെ സസ്‌പെൻസ് നാടകത്തെ പരിഹസിച്ച് സ്മൃതി ഇറാനിയുടെ വാക്കുകൾ. അമേഠിയിൽ വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരുന്നു. എന്നാൽ രാഹുലിനെ വയനാട്ടിൽ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
അമേഠിയിലും റായ്ബറേലിയിലും ഇനിയും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സസ്‌പെൻസ് ആണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ മത്സരിക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ പ്രിയങ്ക അമേഠിയിൽ രംഗത്തിറങ്ങുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തിലും തീരുമാനമായില്ല.
കോൺഗ്രസിന്റെ ആശങ്ക കാരണമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. മണ്ഡലത്തിലുടനീളം രാഹുലും പ്രിയങ്കയും പ്രചാരണം നടത്തിയിട്ടും ചരിത്രത്തിലാദ്യമായി 2019 ൽ അമേഠി കോൺഗ്രസിന് നഷ്ടമായെന്ന് അവർ പറഞ്ഞു. അനായാസം വിജയതുടർച്ച സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അന്നും കോൺഗ്രസെന്ന് അവർ പറഞ്ഞു.
അടുത്തിടെ രാഹുലിന്റെ ന്യായ് യാത്രയ്‌ക്ക് പോലും അമേഠിയിൽ നിറം മങ്ങിയ സ്വീകരണമാണ് ലഭിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രതീക്ഷിച്ചപോലെ അമേഠിയിൽ ജനശ്രദ്ധയാകർഷിക്കാൻ ന്യായ് യാത്രയ്‌ക്കായില്ല. പാർട്ടി ചിഹ്നത്തിൽ അമേഠിയിൽ മത്സരിക്കാൻ കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ വിഷമം ഉണ്ടാകില്ല. പക്ഷെ ഇത് ആദ്യമായിട്ടായിരിക്കും അമേഠിയിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസ് ഭയക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.















