ആലപ്പുഴ: വിവാഹ ആവശ്യങ്ങൾക്ക് എന്ന വ്യാജേന പാത്രങ്ങൾ വാടകയ്‌ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന യുവാവ് ഹരിപ്പാട് പൊലീസിന്റെ പിടിയിൽ. നടുവട്ടം മുറി പള്ളിപ്പാട് സന്ദീപ് (45 )ആണ് പിടിയിലായത്. 1.6 ലക്ഷം രൂപയുടെ പാത്രങ്ങളാണ് ഇയാൾ വിൽക്കാൻ ശ്രമിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞദിവസം തുലാപറമ്പ് ശ്രീകൃഷ്ണ സ്റ്റോഴ്‌സിൽ കോളാത്ത് ദേവി ക്ഷേത്രത്തിൽ ഒരു വിവാഹം ഉണ്ടെന്നും അവിടേക്ക് പാത്രങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ച് ഒരാൾ എത്തി. കൂടെ വന്നയാൾ പരിചയക്കാരൻ ആയതുകൊണ്ട് കടയുടമ പാത്രങ്ങൾ വാടകയ്‌ക്ക് നൽകാമെന്ന് അറിയിച്ചു. പിന്നീട് വാഹനത്തിൽ പാത്രങ്ങൾ ക്ഷേത്രത്തിന് സമീപം എത്തിച്ചു നൽകുകയും ചെയ്തു. അവിടെ വിവാഹം നടക്കുന്നതിന്റെ യാതൊരു ലക്ഷണം കാണാത്തതുകൊണ്ട് ചോദിച്ചപ്പോൾ വിവാഹം നാളെ ആണെന്നും പാത്രങ്ങളെല്ലാം നേരത്തെ തന്നെ എടുത്തു വച്ചതാണെന്നും സന്ദീപ് പറഞ്ഞു.
കുറച്ചു സമയങ്ങൾക്ക് ശേഷം ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഉടമ തിരിച്ചറിഞ്ഞത്. വാടക പാത്രങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടിലാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻപും പ്രതി ഇത്തരത്തിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
താമസം ഇല്ലാത്ത വീടുകളിൽ നിന്നിരുന്ന വൻമരങ്ങൾ ഉടമസ്ഥൻ എന്ന വ്യാജേനെ വെട്ടിക്കടത്തുകയും, കടകളിൽ നിന്ന് വൻതോതിൽ സാധനങ്ങൾ വാങ്ങി പൈസ കൊടുക്കാതെ പോകുന്നതും ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. പരാതി വ്യാപകമായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ പ്രതി സന്ദീപ് ആണെന്ന് കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് മോഷണ മുതലുമായി ഇയാളെ പിടികൂടുന്നത്















