ബെംഗളൂരു: കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സഹോദരനുമായ ഡി.കെ.സുരേഷിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചെന്നാണ് പരാതി.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വീഡിയോയിൽ ശിവകുമാർ സുരേഷിനായി വോട്ട് അഭ്യർഥിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ശിവകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുരേഷിന്റെ തെരഞ്ഞെടുപ്പ് ചെലവിൽ നിന്ന് വീഡിയോ നിർമ്മിച്ചതിന്റെ പണം ഈടാക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം .
നിലവിൽ കർണ്ണാടകയിൽ നിന്ന് കോൺഗ്രസിനുള്ള ഏക എം.പിയാണ് ഡി.കെ സുരേഷ്. കഴിഞ്ഞ 5 വർഷത്തിനിടെ ആസ്തികളിൽ 75% വർദ്ധനയും ഉണ്ടായിട്ടുണ്ട്.
നാമനിർദ്ദേശ പത്രികയ്‌ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 593 കോടി രൂപയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 338 കോടിയായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ആസ്തി. ബാദ്ധ്യതകൾ 51 കോടി രൂപയിൽ നിന്ന് 150 കോടിയായും വർദ്ധിച്ചു.