ബെംഗളൂരു: വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടത്തിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച സ്‌കോർ.
കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് മുന്നിൽ 183 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ആർസിബി. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ആർസിബി നേടിയത്. 82 റൺസെടുത്ത കിംഗ് കോലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ആദ്യ ഓവറിൽ തന്നെ നായകൻ ഫാഫ് ഡുപ്ലസിയുടെ വിക്കറ്റ് നഷ്ടമായി. 8 റൺസെടുത്ത താരത്തെ ഹർഷിത് റാണയാണ് മടക്കിയത്. വൺഡൗണായി ക്രീസിലെത്തിയ കാമറൂൺ പക്വതയോടെ തുടങ്ങി. പിന്നീട് അടിച്ച് തകർത്ത താരം രണ്ട് സിക്‌സും 4 ഫോറും നേടി 33 റൺസുമായി കളം വിട്ടു. ആന്ദ്രെ റസ്സൽ വിക്കറ്റിന് മുന്നിൽ ഗ്രീനിനെ കുടുക്കുകയായിരുന്നു. നാലാമനായെത്തിയ ഗ്ലെൻമാക്‌സ് വെല്ലിനും ആർസിബി നിരയിൽ താളം കണ്ടെത്താനായില്ല. 28 റൺസെടുത്ത താരത്തെ സുനിൽ നരെയ്ൻ, റിങ്കു സിംഗിന്റെ കൈകളിലെത്തിച്ചു.
രജത് പട്ടീദാർ(3), അനൂജ് റാവത്ത് എന്നിവരാണ് ആർസിബി നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. ഹർഷിത് റാണ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വിഴ്‌ത്തിയപ്പോൾ സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും മിച്ചൽ സ്റ്റാർക്ക് ചെണ്ടയായി. നാല് ഓവറിൽ 47 റൺസാണ് വിട്ടുകൊടുത്തത താരത്തിന് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.