ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയുടെ ഗോഡൗണിൽ നിന്നും 24,000 സാരികൾ പിടിച്ചെടുത്തു. എഐഎഡിഎംകെ ഈറോഡ് സ്ഥാനാർത്ഥിയായ ആത്രാൾ അശോക് കുമാറിന്റെ ഗോഡൗണിൽ നിന്നാണ് സാരികൾ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ റോഡിലെ വോട്ടർമാർക്ക് വിതരണം ചെയ്യാനായി അനധികൃതമായി സൂക്ഷിച്ചിരുന്ന സാരികളാണ് പിടികൂടിയത്. സംഭവത്തിൽ അശോക് കുമാറിനെതിരെ ജില്ലാ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈറോഡ് ജില്ലയിലെ അണ്ണാനഗറിലെ സ്വകാര്യ കെട്ടിടത്തിൽ നിന്നാണ് സാരികൾ പിടികൂടിയത്. ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിൽ പരിശോധന നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് സാരികൾ വാങ്ങിയതെന്നും ആത്രാൾ ഫൗണ്ടേഷൻ ശുചീകരണ തൊഴിലാളികൾക്ക് വിതരണം ചെയ്യാനാണ് സാരികൾ സൂക്ഷിച്ചിരുന്നതെന്നും അശോക് കുമാർ വാദിച്ചു.
20 ദിവസം മുമ്പ് വാങ്ങിയ സാരികളാണ് പിടികൂടിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയാണ് ആത്രാൾ അശോക് കുമാർ. 653 കോടിയുടെ ആസ്ഥിയാണ് ഇയാൾക്കുള്ളത്. തിങ്കളാഴ്ച നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 583 കോടി രൂപയുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.















