വയനാട് : ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം മിന്നുവിനെ വീട്ടിലെത്തി സന്ദർശിച്ചത്. വീട്ടിലെത്തിയ സ്ഥാനാർത്ഥിയെ താമര ചിത്രമുള്ള ഷോൾ അണിയിച്ചാണ് താരം സ്വീകരിച്ചത്.
മിന്നു മണിയും കുടുംബവുമൊരുക്കിയ ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന മിന്നുവിനുള്ള ബിജെപിയുടെ ഉപഹാരവും സംസ്ഥാന അദ്ധ്യക്ഷൻ കൈമാറി. സ്ത്രീശക്തി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മിന്നുമണിയെ ആശീർവദിച്ച ചിത്രമാണ് ഉപഹാരമായി നൽകിയത്. 30- ാം തിയ്യതി മിന്നു മണി സോണൽ മൾട്ടി ഡേ മത്സരങ്ങൾക്കായി പൂനെയിലേക്ക് പോകും.
അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കെ സുരേന്ദ്രൻ പ്രചാരണം ശക്തമാക്കി. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയ സംസ്ഥാന അദ്ധ്യക്ഷന് വൻ സ്വീകര്യതയാണ് ലഭിക്കുന്നത്.