ഇടുക്കി: ചിന്നക്കനാലിൽ പരാക്രമം തുടർന്ന് ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്‌ക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആന ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
മേയുകയായിരുന്ന പശുവിന്റെ സമീപത്തേക്ക് ചക്കക്കൊമ്പൻ വരികയും വിരണ്ടോടിയ പശുവിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു. ചക്കക്കൊമ്പനെ കണ്ട സരസമ്മ ഓടിരക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. നിലവിൽ സിമന്റുപാലത്തിന് സമീപമുള്ള വനത്തിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു.
അതേസമയം ഇടുക്കിയിൽ പടയപ്പ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ദേവിക്കുളം താലൂക്ക് ഓഫീസിന് സമീപമാണ് പടയപ്പ ഇറങ്ങിയത്. പുലർച്ചെ 1 മണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഒരു വീടിന് മുന്നിലെത്തിയ പടയപ്പ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുമ്പിലായി ഭക്ഷണസാധനങ്ങൾ തെരഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. ആർആർട്ടി സംഘം സ്ഥലത്തെത്തി പടയപ്പയെ വനത്തിലേക്ക് തുരത്തി.















