ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. നികുതിയടക്കാതെ കോൺഗ്രസ് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസിന് 1,823 കോടി രൂപയുടെ നോട്ടീസ് ലഭിച്ചതിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” നികുതിയടയ്‌ക്കാതെ കോൺഗ്രസ് ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടുകയാണ്. കോടികളുടെ കുടിശ്ശികയാണ് കോൺഗ്രസിന് കെട്ടേണ്ടതായുള്ളത്. എന്നാൽ പണം അടയ്‌ക്കാതെ അവർ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു”.- ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.
നികുതിയായി പിരിക്കുന്ന പണം രാജ്യത്തിനായി തന്നെയാണ് കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. ഹോസ്പിറ്റലുകളും, സ്‌കൂളുകളും, കോളേജുകളും മറ്റ് സൗകര്യങ്ങളും രാജ്യത്തിന് ആവശ്യമാണ്. ഇത്തരത്തിൽ ക്ഷേമപ്രവർത്തനങ്ങളിലേക്ക് വന്ന് ചേരേണ്ട വൻ തുകയാണ് കോൺഗ്രസ് കയ്യടക്കി വച്ചിരിക്കുന്നത്.”- ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.
നികുതി പണം രാജ്യത്തിന് ഉപകാരപ്രദമാണ്. അതൊരിക്കലും ഭീകരതയല്ലെന്നും കോൺഗ്രസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ഹിമന്ത ബിശ്വശർമ്മ കൂട്ടിച്ചേർത്തു. നികുതി പണം അടക്കാൻ നോട്ടീസ് നൽകിയതിനെതിരെ പാർട്ടി നേതൃത്വങ്ങൾ എല്ലാ ദിവസവും പ്രതിഷേധമുയർത്തുകയാണ്. ജനങ്ങൾക്കെതിരായി തന്നെയാണ് അവർ പ്രതിഷേധം ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2017-18 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും കുടിശ്ശികയുമടങ്ങുന്ന നോട്ടീസാണ് കോൺഗ്രസിന് ആദായ നികുതി വകുപ്പ് നൽകിയത്. ആദായ നികുതി വകുപ്പിന്റെ നടപടികൾക്കെതിരായി കോൺഗ്രസ് സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014-2015 മുതൽ 2016-17 വരെയുള്ള പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെയാണ് അടുത്ത നോട്ടീസും ആദായ നികുതി വകുപ്പ് നൽകിയത്.















