അടൂർ: പട്ടാഴിമുക്കിൽ കാർ ലോറിയിൽ ഇടിച്ച് നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമും മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഇരുവരും സീറ്റ് ബെൽറ്റുകൾ ധരിച്ചിരുന്നില്ലെന്നും കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിച്ചുകയറ്റുകയായിരുന്നുവെന്നും ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
തെറ്റായ ദിശയിൽ നിന്നാണ് കാർ ഇടിച്ചുകയറിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്്‌സ്‌മെന്റിന്റെ നിഗമനങ്ങൾ. റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറും.
ലോറിയുടെ മുന്നിൽ ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ക്രാഷ് കാരിയറുകൾ നിയമവിരുദ്ധമാണ്. ഇതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. അപകടസമയത്ത് ഹാഷിം മദ്യപിച്ചിരുന്നോ എന്നുൾപ്പെടെയുളള കാര്യങ്ങളിൽ ഇനിയും പരിശോധനാ ഫലം വരാനുണ്ട്. ഇരുവരും മനപ്പൂർവ്വം ജീവനൊടുക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും ഹാഷിം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് അടൂർ – പത്തനാപുരം റോഡിൽ പട്ടാഴിമുക്കിന് സമീപം അപകടം ഉണ്ടായത്. ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു അനുജ. സ്‌കൂളിലെ സഹപ്രവർത്തകരുമൊത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ഹാഷിം വാഹനം തടഞ്ഞുനിർത്തി അനുജയെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ശിവകാശിക്ക് പോകുകയായിരുന്നു ലോറി. അമിത വേഗതയിൽ തെറ്റായ ദിശയിൽ വന്ന കാർ ലോറിയിൽ ഇടിച്ചുകയറ്റി. വാഹനത്തിൽ പിടിവലി നടന്നതായും കാറിന്റെ ഡോർ പല തവണ തുറന്നുവന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അപകടത്തിൽ സംശയം ജനിപ്പിച്ചത്.















