ബാബർ അസമിനെ നായകസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ തന്നെ ബാബർ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയാണ് ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ബാബർ അസമിനെ നിയമിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടി20 ലോകകപ്പിനുള്ള പാക് ടീമിനെ നയിക്കുക ബാബറായിരിക്കും.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. ഒമ്പത് കളികളിൽ നാലെണ്ണം മാത്രം ജയിച്ച പാകിസ്താൻ ഇന്ത്യയോടും കനത്ത തോൽവി വഴങ്ങിയിരുന്നു. ലോകകപ്പിൽ നോക്കൗട്ടിലേക്ക് പോലും യോഗ്യത നേടാൻ പാകിസ്താനായില്ല. ശേഷം ഷഹീൻ ഷാ അഫ്രീദിയെ വൈറ്റ് ബോളിൽ ക്യാപ്റ്റനായി നിയമിച്ചു. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ദേഴ്‌സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതാണ് ഷഹീന് ഗുണമായത്. ടെസ്റ്റിൽ ഷാൻ മൻസൂദാണ് പാക് നായകൻ.
എന്നാൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ന്യൂസിലൻഡിൽ നടന്ന ടി20 പരമ്പരയിൽ പാകിസ്താൻ 1-4ന് പരാജയപ്പെട്ടു. നായക സ്ഥാനത്തേക്ക് തിരിച്ചു വന്നതിന് ശേഷം ബാബറിന്റെ ആദ്യ ടൂർണമെന്റ് ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ നടക്കുന്ന 5 മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയാണ്. ശേഷം ഇംഗ്ലണ്ടിനെതിരെയും ട്വന്റി 20 പരമ്പര കളിക്കും. 2022-ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പാകിസ്താൻ യോഗ്യത നേടിയത് ബാബറിന് കീഴിലാണ്.















