അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസന് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണെടുത്തത്. 30- റൺസിലധികം നേടാൻ ഹൈദരാബാദ് നിരയിൽ ആർക്കും സാധിച്ചില്ല. നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോഹിത് ശർമ്മയാണ് ഹൈദരാബാദിനെ വരിഞ്ഞ് മുറുകിയത്. 29 റൺസ് വീതമെടുത്ത അഭിഷേക് ശർമ, അബ്ദുൾ സമദ് എന്നിവരാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർമാർ.
പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. സ്‌കോർബോർഡിൽ 34 റൺസുള്ളപ്പോൾ മായങ്ക് അഗർവാളിന്റെ (16) വിക്കറ്റ് നഷ്ടമായി. അസ്മതുള്ള ഓമർസായാണ് താരത്തെ കൂടാരം കയറ്റിയത്. പിന്നാലെ വൺഡൗണായെത്തിയ അഭിഷേക് ശർമ്മയെ കൂട്ടുപിടിച്ച് സ്‌കോർ ബോർഡ് ചലിപ്പിക്കാൻ ട്രാവിസ് ഹെഡ് ശ്രമിച്ചെങ്കിലും അൽപ്പായുസായിരുന്നു. ട്രാവിസ് ഹെഡും (19) അഭിഷേകും മടങ്ങിയതോടെ ഹൈദരാബാദ് 10 ഓവറിൽ മൂന്നിന് 74 എന്ന നിലയിലായി. എയ്ഡൻ മാർക്രം (17), ഹെന്റിച്ച് ക്ലാസൻ (24) ഷഹ്ബാസ് അഹമ്മദ് (22), സമദ് (29), വാഷിംഗ്ടൺ സുന്ദർ (0) എന്നിവരാണ് പുറത്തായ താരങ്ങൾ.
അസ്മതുള്ള ഓമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ദർശൻ നൽകണ്ടെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 5 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ്. 25 റൺസെടുത്ത ഓപ്പണർ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഷബാസ് അഹമ്മദാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.