ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കയിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. വിഷയത്തിൽ യുഎസ് സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഇന്ത്യൻ ഭരണകൂടം വളരെ കൃത്യമായി തന്നെ ചെയ്ത് നൽകിയതായും അദ്ദേഹം പ്രശംസിച്ചു. ഇത്തരം സംഭവങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആരോപണങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു.
” വിഷയത്തിൽ ഇന്ത്യയിലെ സർക്കാരിനോട് ആവശ്യപ്പെട്ടതെല്ലാം അവർ വളരെ കൃത്യമായി തന്നെ ചെയ്ത് തന്നു. തിരിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്നും സമാനമായ പ്രതികരണമാണ് ഉണ്ടായത്. ആരോപണങ്ങളിന്മേൽ വളരെ കൃത്യമായ ഇടപെടലുകളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇരുകൂട്ടരും യോജിച്ച് തന്നെയാണ് ഇതുവരെയും മുന്നോട്ട് പോകുന്നത്.
വിദേശത്ത് താമസിക്കുന്ന ഒരു വ്യക്തിയെ കൊലപ്പെടുത്താൻ മറ്റൊരു രാജ്യത്തിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകരുത് എന്നത് ന്യായമായ കാര്യമാണ്. എല്ലാ രാജ്യങ്ങൾക്കും ഇത്തരത്തിൽ ഒരു നിയന്ത്രണ രേഖ ഉണ്ടാകും. അത് മറികടന്ന് പ്രവർത്തിക്കാൻ ശ്രമിക്കരുത്. പന്നൂനിന്റെ കൊലപാതകത്തിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ഇന്ത്യ അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.
നിയമപാലനത്തിൽ അനുഭവസമ്പത്തുള്ള മുതിർന്ന ആളുകളെയാണ് അന്വേഷണ കമ്മീഷനിൽ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയും വിഷയത്തെ അതീവ ഗൗരവമായി തന്നെയാണ് കാണുന്നത് എന്ന് മനസിലാക്കിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരെ കുറിച്ചുള്ള എല്ലാ വിഷയങ്ങളും അമേരിക്കയ്‌ക്ക് നന്നായി അറിയാം. ക്രിമിനൽ സംഘങ്ങളിൽ പെട്ട ആളുകളെ കുറിച്ച് മനസിലാക്കാൻ യുഎസ് അധികാരികൾ ഇന്ത്യൻ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു.















