കോഴിക്കോട്: കരുവന്നൂരിൽ സിപിഎമ്മിനെതിരായ ഇഡിയുടെ കണ്ടെത്തലിൽ മറുപടി പറയാതെ മുഖ്യമന്ത്രി. 10 മണിവരെ മാത്രം വാർത്താസമ്മേളനമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. മറുപടി പറയാതെ പോയെന്ന് നിങ്ങൾക്ക് വാർത്ത നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിലേക്ക് വന്നത് ബിജെപിയെ നേരിടാനല്ല ഇടതുമുന്നണിയെ നേരിടാനാണ്. രാജ്യമൊട്ടാകെ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിന്റെ അനൗചിത്യം ചർച്ച ചെയ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരുവന്നൂരിലെ സിപിഎമ്മിന്റെ ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയെന്ന വിവരം പുറത്ത് വന്നിരുന്നു. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ട്. സഹകരണ ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണ് കണ്ടെത്തൽ.
ഈ അക്കൗണ്ടുകൾ വഴി ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്‌തെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫീസിന് ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണ് സിപിഎമ്മിന്റെ പേരിൽ 5 ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്.















