വയനാട്: രാഹുൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിൽ പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്ന ഏപ്രിൽ 26 ന് ശേഷം അദ്ദേഹം അയോദ്ധ്യയിൽ പോകുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പരിഹസിച്ചു.
‘നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷമാണ്. ഡി. രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്നത്തെ പത്രത്തിലുള്ളത്. ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട്. ഇൻഡി സഖ്യത്തെ ഇത്തരം നിലപാടുകൾ അപ്രസക്തമാക്കും. ജനങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയോട് ചില ചോദ്യങ്ങളുണ്ടെന്ന് പറഞ്ഞ സുരേന്ദ്രൻ ആറ് ചോദ്യങ്ങളും ഉന്നയിച്ചു.
താങ്കൾക്ക് എന്തുകൊണ്ടാണ് ഡൽഹിയിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമുള്ളത്?
എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്‌ട്രപതിയാകുന്നതിനെ രാഹുൽ ഗാന്ധി എതിർത്തത്?
ദ്രൗപദി മുർമുവിനെ ഇപ്പോഴും താങ്കളുടെ പാർട്ടിക്കാർ പരിഹസിക്കുന്നതെന്തിനാണ്?
പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തിൽ വിജയിച്ച രാഹുൽ എന്തുകൊണ്ടാണ് രാഷ്‌ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്?
അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ പ്രതിഷേധിച്ച് ഇവിടെ റാലി നടത്താൻ രാഹുൽഗാന്ധി തയ്യാറാകുമോ?
കെജ്രിവാളിന് വേണ്ടി പ്രതിഷേധിച്ചത് പോലെ പിണറായി വിജയനും, വീണക്കും എതിരായി ഇഡി വന്നാൽ കോൺഗ്രസ് പ്രതികരിക്കുമോ എന്നും സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.















