നടി മഞ്ജു പിള്ളയുമായി വേർപിരിഞ്ഞെന്ന് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. നാലുവർഷമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇപ്പോൾ നിയമപരമായി ബന്ധം വേർപ്പെടുത്തിയെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കുറച്ചുനാളായി ഇവർ വിവാഹമോചിതരായെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് സുജിത് തന്നെ വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2000 ലായിരുന്നു ഇവരുടെ വിവാഹം.
ഇരുവരും നേരത്തെ വേവ്വേറെ ഫ്ളാറ്റുകൾ വാങ്ങിയിരുന്നു. പാലുകാച്ചൽ ചടങ്ങിലും ഇവർ പരസ്പരം പങ്കെടുത്തിരുന്നുമില്ല. ഇതാണ് അഭ്യൂഹങ്ങളിലേക്ക് നയിച്ചത്. യുട്യൂബ് ചാലനിനോടായിരുന്നു സുജിത് വാസുദേവ് മനസു തുറന്നത്. നിലവിൽ മോഹൻലാൽ-പൃഥിരാജ് ചിത്രം എമ്പുരാന്റെ ഷൂട്ടിലാണ് അദ്ദേഹം.
വാക്കുകൾ ഇങ്ങനെ
“ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ ആശയക്കുഴപ്പം വേണ്ട. അതിൽ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാൽ അതിൽ കൺഫ്യൂഷൻ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങൾ മാത്രം എടുക്കുക. ബാക്കി എല്ലാം ടാറ്റാ ബൈ ബൈ. എങ്കിൽ ഉറപ്പായും നിങ്ങൾ സന്തോഷവാനായിരിക്കും.
എന്ത് പ്രശ്നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആർട്ടിഫിഷ്യൽ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോൾ എല്ലാം ഹീൽ ആകും. കാലം മറയ്‌ക്കാത്ത മുറിവുകൾ ഇല്ല.2020 മുതൽ ഞങ്ങൾ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങൾ വിവാഹമോചിതരായി. നടിയെന്ന വളർച്ചയിൽ സന്തോഷം ഉണ്ട്.മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്”- സുജിത്ത് വാസുദേവ് പറഞ്ഞു.