ന്യൂഡൽഹി: കുതിച്ചുയർന്ന് മാർച്ച് മാസത്തിലെ ജിഎസ്ടി വരുമാനം. 11.5 ശതമാനം വളർച്ചയാണ് ഇത്തവണ ജിഎസ്ടി വരുമാനത്തിനുണ്ടായത്. മാർച്ചിൽ രാജ്യമൊട്ടാകെയുള്ള ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 17.6 ശതമാനമായി ഉയർന്നതാണ് ഈ വളർച്ചയ്‌ക്ക് കാരണമായത്.
2024 മാർച്ചിലെ റീഫണ്ടുകൾ കൊടുത്തതിന് ശേഷം മാർച്ച് മാസത്തെ ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു.
ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടിയായിരുന്നു. എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. 2023 ഏപ്രിൽ മുതൽ ജനുവരി വരെ 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചിട്ടുള്ളത്. മുൻ വർഷത്തെ 14.96 ലക്ഷം കോടി രൂപയേക്കാൾ 11.6 ശതമാനത്തിന്റെ വരുമാന വളർച്ച കഴിഞ്ഞ വർഷമുണ്ടായിരുന്നു.
2024-ൽ മാർച്ചിലെ സിജിഎസ്ടി കളക്ഷൻ 34,532 കോടിയും എസ്ജിഎസ്ടി 43,746 കോടിയുമാണ്. ഇറക്കുമതിയിൽ നിന്നും ലഭിച്ച ജിഎസ്ടി 12,259 കോടിയുൾപ്പെടെ 87,947 കോടിയാണ് ഐജിഎസ്ടി നേടിയത്. കൂടാതെ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 12,259 കോടിയായും ഉയർന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ ഉയർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.















