ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ തെറ്റായതും പരസ്പര വിരുദ്ധവുമായുള്ള തെളിവുകൾ നൽകി ഇഡിയെ കബളിപ്പിക്കാൻ ശ്രമിച്ച അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബിജെപി. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‌രിവാളാണെന്ന് ബിജെപി എംപി സുധാൻഷു തൃവേദി ആരോപിച്ചു. കെജ്‌രിവാൾ ഇഡിയോട് വെളിപ്പെടുത്തിയ മന്ത്രിമാരെ കുറിച്ച് അന്വേഷിക്കണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവച്ചതിനെതിരെ നടപടിയെടുക്കണമെന്നും സുധാൻഷു തൃവേദി പറഞ്ഞു. ഡൽഹി മന്ത്രിമാരായ വിജയ് നായർ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ചോദ്യം ചെയ്യലിനിടെ കെജ്‌രിവാൾ വെളിപ്പെടുത്തിയതെന്ന് ഇഡി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കേസിൽ ഇവർക്കെതിരകെ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് സുധാൻഷു തൃവേദി ആവശ്യപ്പെട്ടു.
” വിജയ് നായർ അതിഷിയുമായും സൗരഭ് ഭരദ്വാജുമായും കെജ്‌രിവാൾ ബന്ധം പുലർത്തിയിരുന്നതായി കെജ്‌രിവാൾ സമ്മതിച്ചിട്ടുണ്ട്. മദ്യനയ അഴിമതി നടത്തിയതിൽ ഡൽഹി സർക്കാരിന്റെ പങ്ക് തെളിഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ജയിലിലേക്ക് മാറ്റിയത്. അണ്ണാ ഹസാരെയായിരുന്നു കെജ്‌രിവാളിന്റെ ഗുരു. എന്നാൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം ഗുരുവിനെ മാറ്റി. പകരം ലാലു പ്രസാദ് യാദവിനെ ഗുരുവാക്കി മാറ്റി. ലാലു പ്രസാദ് യാദവ് ജയിലിൽ പോകുന്നതിന് മുമ്പ് രാജി വയ്‌ക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചു. എന്നാൽ കെജ്‌രിവാൾ രാജി വയ്‌ക്കാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ല? ഇത് അദ്ദേഹത്തിന്റെ പുതിയ തന്ത്രമായി കണക്കാക്കേണ്ടിയിരിക്കുന്നു.”- സുധാൻഷു തൃവേദി പറഞ്ഞു.
മദ്യനയ കേസിൽ ആം ആദ്മിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഇൻചാർജറായിരുന്ന വിജയ് നായർ നേരത്തെ പിടിയിലായിരുന്നു. 100 കോടിയുടെ അഴിമതി നടത്താൻ ഇയാൾ സർക്കാരിനും സൗത്ത് ഗ്രൂപ്പിനും ഇടയിൽ പ്രവർത്തിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സത്യേന്ദർ ജയിൻ തുടങ്ങിയവരും കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. നിലവിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്‌രിവാൾ.