മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്നും 400-ലധികം സീറ്റുകൾ നേടുമെന്നും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 370 സീറ്റുകളെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്ക് എത്താൻ ദക്ഷിണേന്ത്യ സഹായിക്കും. നിലവിൽ ബിജെപിയുടെ സീറ്റ് നില 288 ആണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് 370-ൽ എത്തിക്കാൻ ദക്ഷിണേന്ത്യയുടെ നിർണായക പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ തങ്ങളുടെ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളിൽ പരമാവധി വിജയം നേടിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും എടുത്തെടുത്ത് വിശകലനം ചെയ്യേണ്ട കാര്യമില്ല. ഇത്തവണ ദക്ഷിണേന്ത്യയും എൻഡിഎയ്‌ക്കൊപ്പം നിൽക്കും. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ പറ്റി ജനങ്ങൾക്ക് അറിയാം. ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുൾപ്പെടെ ചെയ്ത പ്രവർത്തനങ്ങളുടെ ഫലമാണ് ജനങ്ങൾ എൻഡിഎ സർക്കാരിനെ തെരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ മികച്ച പ്രവർത്തനം പാർട്ടി പ്രവർത്തകർ കാഴ്ച വച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും ഈ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി നിലകൊണ്ടു. ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറി. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇത്തവണ എൻഡിഎ മികച്ച പ്രകടനം കാഴ്ചവയ്‌ക്കും. ഉത്തരേന്ത്യയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. അതിനാൽ, ബിജെപി ഒറ്റയ്‌ക്ക് 370 സീറ്റുകൾ നേടുമെന്നും എൻഡിഎ 400 കടക്കുമെന്നും ഗഡ്കരി പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ വികസനം കാണുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.