ഒസ്ലോ: ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എക്സ്-മുസ്ലീം സൽവാൻ സബാഹ് മട്ടി മോമികയെ നോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 37കാരനായ മോമിക ഇറാഖി അഭയാർത്ഥിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീഡനിൽ കഴിയുന്ന മോമിക സ്റ്റോക്ക്ഹോമിൽ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിൽ സജീവമായതിന് പിന്നാലെ ഇറാഖ് ഭരണകൂടത്തിന്റെ ഉൾപ്പടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.
സ്വീഡനിൽ കഴിഞ്ഞിരുന്ന മോമിക കഴിഞ്ഞയിടെയായിരുന്നു നോർവേയിലേക്ക് കടന്നത്. മോമിക മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാം മതത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന മോമിക മതംവിട്ടയാളാണ്. സ്വീഡനിലെ തെരുവുകളിൽ മോമിക പലപ്പോഴായി നടത്തിയ പ്രതിഷേധങ്ങൾ വിവിധ ഇസ്ലാമിക രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു.
സ്വീഡന് നാറ്റോ അംഗത്വം ലഭിക്കാൻ വൈകിയതിന് കാരണം മോമികയാണെന്നാണ് റിപ്പോർട്ടുകൾ. നാറ്റോ അംഗമായ തുർക്കിയിൽ മോമികയുടെ പ്രതിഷേധങ്ങൾ വലിയ രീതിയിൽ കുപ്രചാരം നേടിയിരുന്നു. ഇതോടെ സ്വീഡന്റെ നിഷ്ക്രിയത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച മറ്റൊരു നാറ്റോ അംഗരാജ്യമായ തുർക്കി സ്റ്റോക്ക്ഹോമിനെ വീറ്റോ ചെയ്ത് അസ്വാരസ്യം വെളിവാക്കി.
2023 ജൂണിൽ ഈദ് ദിവസമായിരുന്നു മോമിക ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയത്. സ്റ്റോക്ക്ഹോമിലെ മസ്ജിദിന് മുന്നിൽ വച്ച് ഈദ് ദിനം ഖുറാൻ കത്തിച്ച് പ്രതിഷേധിക്കുന്ന മോമികയുടെ വീഡിയോ സുഹൃത്ത് പകർത്തുകയും ഇത് സമൂഹമാദ്ധ്യങ്ങളിൽ വൈറലാവുകയുമായിരുന്നു.















