ലക്‌നൗ: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജനങ്ങളെ വഞ്ചിച്ച പാർട്ടിയാണ് ആം ആദ്മിയെന്ന് അനുരാഗ് ഠാക്കൂർ തുറന്നടിച്ചു. ജനങ്ങളെ കൊള്ളയടിച്ച അരവിന്ദ് കെജ്‌രിവാളിനെതിരെയും അദ്ദേഹത്തിന്റെ പാർട്ടിക്കെതിരെയും ബിജെപി എക്കാലവും പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അരോഹയിൽ സോഷ്യൽ മീഡിയ വൊളന്റിയർ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അഴിമതി രഹിത പാർട്ടിയാണെന്ന് പറഞ്ഞ് കെജ്‌രിവാളിന്റെ ആം ആദ്മി ജനങ്ങളെ വഞ്ചിച്ചു. പിന്നീട് അവർ ജനങ്ങളെ കൊള്ളയടിച്ചു. ഇപ്പോൾ പാർട്ടി നേതാക്കൾ തന്നെ ജയിലിലായിരിക്കുന്നു. എത്രത്തോളം അഴിമതിക്കറ പുരണ്ട പാർട്ടിയാണ് ആം ആദ്മിയെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.”- അനുരാഗ് ഠാക്കൂർ പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ ആം ആദ്മിയിലെ വിവിധ നേതാക്കൾ ഇന്ന് ജയിലിലാണ്. ചിലർ ആറ് മാസത്തോളമായി ജയിലിൽ കഴിയുന്നു, ഇപ്പോൾ മുഖ്യമന്ത്രി തന്നെ പിടിയിലായിരിക്കുന്നു. ഇതിൽ നിന്ന് ജനം എന്താണ് മനസിലാക്കേണ്ടത്? അഴിമതി നടത്തി ജനങ്ങളെ അവർ വഞ്ചിക്കുകയായിരുന്നില്ലേ? അനുരാഗ് ഠാക്കൂർ ചോദിച്ചു.
രാജ്യത്തെ ജനങ്ങളോട് ദ്രോഹം ചെയ്യുന്നത് ആം ആദ്മി മാത്രമല്ലെന്നും ഇതിൽ സമാജ്‌വാദി പാർട്ടിയും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഗുണ്ടാ നേതാവ് മുക്താർ അൻസാരിയുടെ മരണം രാജ്യത്തിന് മറക്കാൻ സാധിക്കില്ല. അൻസാരി ഇല്ലാതാക്കിയ കുടുംബങ്ങൾക്ക് നീതി ലഭിച്ചപ്പോൾ അയാൾക്ക് വേണ്ടി കണ്ണീർ പൊഴിച്ചത് സമാജ്‌വാദി പാർട്ടി പ്രവർത്തകർ മാത്രമായിരുന്നു.
പാർട്ടി നേതാവ് ധർമ്മേന്ദ്ര യാദവ് അൻസാരിയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ചാണ് അയാൾക്ക് വിട നൽകിയത്. മാഫിയ തലവന്മാരെ ഇവർ പിന്തുണയ്‌ക്കുന്നുവെന്നാണ് ഇതിൽ നിന്ന് ജനം മനസിലാക്കുന്നതെന്നും രാജ്യത്തിന്റെ സുരക്ഷയെ ഇല്ലാതാക്കുന്നവരെ ജനം വോട്ടിലൂടെ നേരിടണമെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.















