ലക്‌നൗ: കേന്ദ്രത്തിലും സംസ്ഥാനത്തുമായി പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ ഉത്തർപ്രദേശിനെ അഭിവൃദ്ധിയിലേക്ക് നയിച്ചുവെന്ന പ്രശംസയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിന് മുൻപാകെ ഇന്ത്യയുടെ പ്രാധാന്യം ഏറെ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ പിലിബിത്തിൽ നടന്ന ഇന്റലക്ച്വൽ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” 2014ന് മുൻപുള്ള ഇന്ത്യ എങ്ങനെയാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. സാധാരണക്കാരായ ജനങ്ങളുടെ മനസിൽ സർക്കാരിന് മേൽ യാതൊരു വിശ്വാസവും ഇല്ലായിരുന്നു. കർഷക ആത്മഹത്യകൾ പതിവ് കാഴ്‌ച്ചയായി, തീവ്രവാദമെന്ന വിപത്ത് ശക്തിപ്പെട്ടു, യുവാക്കൾ മറ്റിടങ്ങളിലേക്ക് കുടിയേറി പാർക്കാൻ ശ്രമിച്ചു, അങ്ങനെ പല രീതിയിലും തങ്ങൾ സുരക്ഷിതരല്ലെന്ന ചിന്ത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു.
എന്നാൽ ഇന്ന് തീവ്രവാദവും കമ്യൂണിസ്റ്റ് ഭീകരതയുമെല്ലാം തീർത്തും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭിച്ച് തുടങ്ങി. അവരുടെ മേഖലയിൽ കൂടുതൽ മുന്നേറാൻ സാധി്ച്ചു, രാജ്യത്തെ പെൺമക്കൾ സുരക്ഷിതരായി, അങ്ങനെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുപിയിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ കലാപങ്ങൾ പതിവ് കാഴ്‌ച്ചയായിരുന്നു.
സഹരൻപൂർ, മുസാഫർനഗർ, ബറേലി, മൊറാദാബാദ് എന്നിവിടങ്ങളിലെ ജനങ്ങൾ ഇതിന്റെ അനന്തരഫലം അനുഭവിച്ചവരാണ്. സ്ത്രീകളും പെൺമക്കളും വ്യവസായങ്ങൾ നടത്തുന്നവരും എല്ലാം സുരക്ഷിതരല്ല എന്നൊരു സാഹചര്യം വന്നു. എന്നാലിന്ന് ഇതെല്ലാം മാറിയിരിക്കുകയാണ്. 2024 ആയപ്പൊഴേക്കും ലോകത്തിന് ഇന്ത്യയോടുള്ള ബഹുമാനം വർദ്ധിക്കുന്നത് നമ്മൾ നേരിട്ട് കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന നേതാവ് നയിക്കുന്ന രാജ്യമാണ് ഇതെന്ന് അഭിമാനത്തോടെയാണ് ഓരോരുത്തരും പറയുന്നത്. മാറിയ ഇന്ത്യയുടെ ചിത്രമാണിത്. ഉത്തർപ്രദേശിൽ ക്രമസമാധാനനില ഏറ്റവും നല്ല നിലയിലാണ് ഉള്ളതെന്നും” യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.