തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ പുറത്ത്. പ്രതിയായ ഒഡിഷ സ്വദേശി രജനികാന്ത്, വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പുറകിൽ നിന്നാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു.
രണ്ട് കൈയും ഉപയോഗിച്ചാണ് പ്രതി വിനോദിനെ തള്ളി പുറത്തേക്കിട്ടത്. പിഴ അടക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകം നടത്താൻ പ്രേരണയായതെന്നും എഫ്ഐആറിൽ പറയുന്നു. എറണാകുളം-പാട്‌ന എക്പ്രസിലായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്.
എസ് 11 കോച്ചിലുണ്ടായിരുന്ന രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാളും ടിടിഇയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ രജനീകാന്ത് ടിടിഇയെ മർദ്ദിക്കുകയും ട്രെയിനിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.
മദ്യ ലഹരിയിലായിരുന്ന പ്രതിയുടെ ഒരു കാലിന് പരിക്കുണ്ടായിരുന്നു. പ്രതിയും ടിടിഇയും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റ് യാത്രികരാണ് പൊലീസിൽ വിവരമറിയിച്ചത്.















