2024ൽ ഭാരതം 7.5% വളർച്ച കൈവരിക്കും; ശ്രീലങ്കയും പാകിസ്താനും മെച്ചപ്പെടും; ദക്ഷിണേഷ്യക്ക് നല്ല സമയം: ലോകബാങ്ക്

Published by
Janam Web Desk

ന്യൂഡൽഹി: 2024ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്കിന്റെ നിരീക്ഷണം. ദക്ഷിണേഷ്യയിലെ മൊത്തത്തിലുള്ള വളർച്ചയിലും വലിയ മാറ്റമാണുണ്ടാവുകയെന്നാണ് റിപ്പോർട്ട്. 2024ൽ 6 ശതമാനം വളർച്ചയാണ് സൗത്ത് ഏഷ്യയിൽ പ്രവചിക്കുന്നത്. ഭാരതത്തിലെ പുരോ​ഗതി ഇതിനായി വലിയ സംഭാവനകൾ നൽകുമെന്നും പാകിസ്താനും ശ്രീലങ്കയും മോശം സാമ്പത്തിക നിലയിൽ നിന്ന് മെച്ചപ്പെട്ട് വരുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. വരുന്ന രണ്ട് വർഷം ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന മേഖലയെന്ന നേട്ടം സൗത്ത് ഏഷ്യ തന്നെ കരസ്ഥമാക്കും. 2025ൽ 6.1 ശതമാനം വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.

2024-2025 സാമ്പത്തിക വർഷത്തിൽ ബം​ഗ്ലാദേശ് 5.7 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന്റെ സമ്പദ് വ്യവസ്ഥയിൽ 2.3 ശതമാനം വളർച്ചയും ലോകബാങ്ക് പ്രതീക്ഷിക്കുന്നു. സമാനമായി ശ്രീലങ്കയിൽ 2.5 ശതമാനം വളർച്ച രേഖപ്പെടുത്തിയേക്കാമെന്നാണ് പ്രവചനം. വിനോദസഞ്ചാര മേഖലയിലെ കുതിപ്പ് ദ്വീപ് രാഷ്‌ട്രത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് സഹാകരമാകുമെന്നും അതുവഴി വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്താൻ ശ്രീലങ്കയ്‌ക്ക് സാധിക്കുമെന്നുമാണ് വിലയിരുത്തൽ.

വളർച്ചാനിരക്കിൽ ശക്തമായ വളർച്ചയുണ്ടാകുന്നതിന് സൗത്ത് ഏഷ്യൻ രാജ്യങ്ങൾ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നയങ്ങൾ രൂപീകരിക്കണമെന്നും തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കണമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ അഭിപ്രായപ്പെട്ടു. വളർന്നുവരുന്ന മറ്റ് വിപണികളെയും സാമ്പത്തിക മേഖലകളെയും പോലെ രാജ്യത്തെ working-age പോപ്പുലേഷന് സ്ഥിരമായി ജോലി ചെയ്യാൻ കഴി‍ഞ്ഞാൽ മൊത്തത്തിലുള്ള ഉത്പാദനം 16 ശതമാനം കൂടുതലാകുമെന്ന് ലോകബാങ്ക് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

Share
Leave a Comment