ആക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 63 കാരനായ ആത്മീയ നേതാവ് 12 വയസുകാരിയെ വിവാഹം ചെയ്തതിൽ വൻ വിവാദം. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോർകെറ്റി ലവേ സുരു മുപ്പത്തിമൂന്നാമന്റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. പാരമ്പര്യ ആചാരപ്രകാരം നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. സമുദായത്തിന്റെ മഹാപുരോഹിതൻ എന്നറിയപ്പെടുന്നയാളാണ് ലവേ സുരു. എന്നാൽ ബാലവധുവിന്റെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പുറത്ത് വന്ന വീഡിയോയിൽ പെൺകുട്ടി ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്. ചുറ്റം കൂടി നിന്ന സ്ത്രീകൾ ഭാര്യയുടെ ചുമതലകൾ നിർവഹിക്കാനും ഭർത്താവിനെ ആകർഷിക്കാൻ സുഗന്ധദ്രവ്യങ്ങൾ പൂശാനും പെൺകുട്ടിക്ക് ഉപദേശം നൽകുന്നുണ്ട്.
ഘാനയിൽ വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം 18 വയസാണ്. അതുകൊണ്ട് തന്നെ വിവാഹം വേർപെടുത്തി പുരോഹിതനെതിരെ അന്വേഷണം വേണമെന്നും വിമർശകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിവാഹത്തെ അനുകൂലിച്ച് സമുദായാംഗങ്ങൾ രംഗത്ത് വന്നു. തങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മറ്റുള്ളവർക്ക് മനസ്സിലാകാത്തതാണ് പ്രശ്നമെന്നും, പുരോഹിതന്റെ ഭാര്യയെന്ന നിലയിൽ പെൺകുട്ടിക്ക് വലിയ പ്രാധാന്യമാണ് സമൂഹത്തിൽ ലഭിക്കുകയെന്നും പ്രാദേശിക കമ്മ്യൂണിറ്റി നേതാവ് നി ബോർട്ടെ കോഫി ഫ്രാങ്ക്വാ II പറഞ്ഞു.
പ്രധാന പുരോഹിതന്മാരെയും ഭാര്യമാരെയും തിരഞ്ഞെടുക്കുന്നത് ഒരു ആത്മീയ പ്രക്രിയാണ്. ആറാമത്തെ വയസ്സിൽ പുരോഹിതന്റെ ഭാര്യയാകാൻ ആവശ്യമായ ആചാരങ്ങൾ പെൺകുട്ടി ആരംഭിച്ചെങ്കിലും അതൊന്നും വിദ്യാഭ്യാസത്തിന് തടസ്സമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതൊടെ അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. വിവാദ വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ ഘാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
1998-ലാണ് ഘാനയിൽ ശൈശവ വിവാഹം നിരോധിച്ചത്. ഘാനയിലെ പെൺകുട്ടികളിൽ നല്ലൊരു ശതമാനം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്നതായി
ഗേൾസ് നോട്ട് ബ്രൈഡ്സ് എന്ന ആഗോള എൻജിഒ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരായ 10 പെൺകുട്ടികളിൽ ഒമ്പതിലധികം പേരും സ്കൂളിൽ പോകുന്നില്ലെന്നും അവർ വ്യക്തമാക്കി.















