ലക്നൗ: നമോ ആപ്പ് വഴി യുപിയിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവർത്തകരെ പാർട്ടിയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി.
ബിജെപി പ്രവർത്തകർ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. അവർക്ക് നിങ്ങൾ ബിജെപിയുടെ മുഖമാണ്. നിങ്ങൾ ഒരു വോട്ടറെ കാണുമ്പോൾ, അവർ നിങ്ങളിൽ മോദിയെയാണ് കാണുന്നത്. നിങ്ങൾ അവരോട് പറയുന്ന ഓരോ വാക്കും മോദിയുടെ വാക്കുകളാണ്. നിങ്ങൾ ഓരോരുത്തരും മോദിയെ പ്രതിനിധീകരിക്കുന്നവരാണ്. വോട്ടർമാരുടെ കണ്ണിൽ നിങ്ങളാണ് ബിജെപി, പ്രവർത്തകരോടായി പ്രധാനമന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ വിദഗ്ധർ പോലും ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസത്തിന് മുന്നിൽ നിഷ്പ്രഭരാണ്. പാർട്ടി പ്രവർത്തകരുടെ ആവേശം കാണുമ്പോൾ സന്തോഷം തോന്നുന്നു. ബിജെപി പ്രവർത്തകരുടെ പ്രവർത്തന മികവും ആത്മവിശ്വാസവും കണ്ട് മറ്റ് പാർട്ടികളുടെ നേതാക്കൾ തണുത്തുവിറക്കുകയാണെന്നും തമാശരൂപേണെ പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം കുടുംബ രാഷ്‌ട്രീയത്തിനും സ്വജനപക്ഷപാതത്തിനെതിരായാണ് പോരാടുന്നത്. ഇതിനായി ഓരോ ബുത്തിലും വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മപ്പെടുത്തി. പ്രസംഗത്തിന്റെ അവസാനം പ്രവർത്തകരോട് ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്താനും ചൂടു സമയമായതിനാൽ ധാരാളം വെള്ളം കുടിക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.















