തിരുവനന്തപുരം: SDPI പിന്തുണ തുറന്ന് സമ്മതിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും എസ്ഡിപിഐ പിന്തുണ നൽകുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം എസ്ഡിപിഐ ബാന്ധവത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയാണ് പ്രധാന എതിരാളിയെന്നും ത്രികോണ മത്സരമല്ല നടക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. പ്രചാരണത്തിനായി വിവിധ പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ അതാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
എസ്ഡിപിഐ- യുഡിഎഫ് ബന്ധത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തുമ്പോഴാണ് ശശി തരൂരിന്റെ തുറന്ന് പറച്ചിൽ. നിരോധിത സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐ. വോട്ടിന് വേണ്ടി മതമൗലിക വാദികളോട് കൂട്ടുകൂടുന്ന കോൺഗ്രസ് നിലപാട് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. കോൺഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം അറിഞ്ഞുകൊണ്ടാണ് ധാരണയെന്നാണ് വിവരം. രാഹുൽ മത്സരിക്കുന്ന വയനാട് അടക്കമുള്ള മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 5,000 ലധികം വോട്ടുകൾ എസ്ഡിപിഐ സ്ഥാനാർത്ഥി നേടിയിരുന്നു.