തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ട്രാക്കിലേക്ക് തലയിടിച്ച് വീണതും, കാലുകൾ അറ്റുപോയതുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് തൃശൂർ വെളപ്പായയിൽ ടിടിഇ വിനോദ് കണ്ണൻ കൊല്ലപ്പെട്ടത്. വിനോദിന്റെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയി.
എറണാകുളം- പാട്ന ട്രെയിനിൽ വച്ചായിരുന്നു ദാരുണ സംഭവം. എസ് 11 കോച്ചിൽ യാത്ര ചെയ്തിരുന്ന ഒഡിഷ സ്വദേശിയായ രജനികാന്തിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ടിടിയെ ആക്രമിക്കാൻ കാരണമായത്. മദ്യലഹരിയിലായിരുന്ന പ്രതിയെ പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിനിന്റെ വാതിക്കൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറി ഇറങ്ങിയതായും സംശയിക്കുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി ആക്രമിക്കാൻ ശ്രമിച്ചതിനാൽ ചങ്ങല പെട്ടന്ന് വലിക്കാൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പുലിമുരുകൻ, ഒപ്പം തുടങ്ങി 40ലധികം സിനിമകളിൽ അദ്ദേഹം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ കൂടിയാണ് വിനോദ്. മോഹൻ ലാൽ ഉൾപ്പെടെ സഹതാരത്തിന് ആദരാഞ്ജലി നേർന്നിരുന്നു.















