ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്ക് അദ്ദേഹം വ്യാഴാഴ്ച (നാളെ) തമിഴ്‌നാട്ടിൽ തുടക്കം കുറിക്കും. നാല് റോഡ് ഷോകളും ഒരു പൊതുസമ്മേളനവുമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നടക്കുക.
വ്യാഴാഴ്ച തേനി ടൗണിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയോടെ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കും. തുടർന്ന് നടത്തുന്ന പൊതു സമ്മേളനത്തിൽ തമിഴ് മക്കളെ കേന്ദ്ര ആഭ്യന്തര മന്ത്രി അഭിസംബോധന ചെയ്യും. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തിയെടുക്കുകയെന്നതാണ് പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. തുടർന്ന് വൈകുന്നേരം മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയേക്കും.
വെള്ളിയാഴ്ച മൂന്ന് റോഡ് ഷോകളിലും അമിത് ഷാ പങ്കെടുക്കും.ശിവഗംഗയിലെ കാരൈക്കുടി, അസത്ത് നഗർ ( തെങ്കാശി) തക്കലൈ ( കന്യാകുമാരി) തുടങ്ങിയയിടങ്ങളിൽ അദ്ദേഹം പ്രചാരണ പരിപാടികൾ നടത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടക്കുന്നത്. 39 സീറ്റുകളിലേക്കാണ് മത്സരം. തുടർന്ന് ജൂൺ 4ന് ഫലപ്രഖ്യാപനം നടക്കും.