ചില ശാസ്ത്രീയ കണ്ടെത്തലുകൾ കൗതുകത്തിന്റെ മുൾമുനയിൽ നമ്മെയെത്തിക്കാറുണ്ട്. ഭീമൻ തമോഗർത്തങ്ങൾ മുതൽ ആർട്ടിഫിഷ്യൽ സൂര്യനെ സൃഷ്ടിച്ച സൗത്ത് കൊറിയൻ ഫ്യൂഷൻ റിയാക്ടർ വരെ ലോകം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് ലോകത്ത് നിലവിൽ തരംഗമായിക്കൊണ്ടിരിക്കുന്ന പുതിയ ശാസ്ത്രവാർത്ത ഭൂമിയുടെ അകക്കാമ്പിൽ സ്ഥിതിചെയ്യുന്ന സമുദ്രമാണ്.
ഭൗമോപരിതലത്തിൽ നിന്നും 700 കിലോമീറ്റർ താഴെയുള്ള ഭീമൻ കല്ലിനുള്ളിലാണ് ഈ സമുദ്രമുള്ളത്. ringwoodite എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഈ പാറ ഒരു ജലസംഭരണിക്ക് സമാനമായി പ്രവർത്തിക്കുന്നു. ഭൂമിയിലെ ഉപരിതലത്തിലുള്ള ആകെ സമുദ്രജലത്തിന്റെ മൂന്നിരട്ടിയാണ് പാറയ്‌ക്കുള്ളിലെ വെള്ളമെന്നാണ് കണ്ടെത്തൽ.
‘Dehydration melting at the top of the lower mantle’ എന്ന പേരിൽ അവതരിപ്പിച്ച ശാസ്ത്രറിപ്പോർട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമർശിക്കുന്നത്. ഭൂഗർഭ ജലസംഭരണിയായി കണക്കാക്കുന്ന ringwooditeന്റെ മറ്റ് സവിശേഷതകളും പ്രബന്ധത്തിൽ വിശദമാക്കുന്നു. ഇവാൻസ്റ്റോണിൽ സ്ഥിതിചെയ്യുന്ന നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലാണ് ഈ ഗവേഷക പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൗമോപരിതലത്തിലെ സമുദ്രങ്ങൾക്ക് അകക്കാമ്പിലെ ജലസംഭരണിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജലത്തെ സ്വാംശീകരിക്കുന്ന സ്പോഞ്ചിന് സമാനമായ പാറയാണ് ringwoodite. ഇത് ഹൈഡ്രജൻ മൂലകത്തെ ആകർഷിക്കുകയും ചെയ്യുന്നതായി ജിയോളജിസ്റ്റ് സ്റ്റീവ് ജാകോബ്സെൻ വ്യക്തമാക്കി. ringwoodite സംബന്ധിച്ച് ഗവേഷണം നടത്തിയ സംഘത്തിലെ പ്രധാനിയാണ് സ്റ്റീവ്. ഭൂമിയിലെ സമുദ്രങ്ങളുടെ ഉത്ഭവം ഒരുപക്ഷെ ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നാകാമെന്നാണ് ഗവേഷക സംഘത്തിന്റെ വിലയിരുത്തൽ.