റോ പേസ് താരങ്ങളോട് എന്നും ആരാധകർക്കൊരു പ്രത്യേക സ്‌നേഹമാണ്. ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്നതും മായങ്ക് യാദവ് എന്ന യുവതാരത്തിന്റെ റോ പേസാണ്. ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനായി 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് ഈ 21-കാരൻ. ഇപ്പോൾ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിന് വിജയമൊരുക്കിയ മായങ്ക് യാദവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകൻ കെ എൽ രാഹുൽ. ആർസിബിക്ക് എതിരായ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുമായി (156.7 km/ph) മായങ്ക് യാദവ് ഞെട്ടിച്ചു. 16 റൺസ് വഴങ്ങി രജത് പട്ടീദാർ, ഗ്ലെൻ മാക്‌സ്വെൽ, കാമറൂൺ ഗ്രീൻ എന്നിവരുടെ വിക്കറ്റാണ് താരം നേടിയത്.
‘കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മായങ്ക് അതിമനോഹരമായി പന്തെറിയുന്നത് കണ്ടതിൽ വളരെ സന്തോഷമുണ്ട്. രണ്ട് വർഷം ക്ഷമയോടെ അവൻ അവസരങ്ങൾക്കായി കാത്തിരുന്നു. ബോംബെയിൽ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള കഠിനമായ പരിശീലനങ്ങൾ ചെയ്താണ് അവൻ മടങ്ങി വന്നത്. 155 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നത് അത്ര എളുപ്പമല്ലെന്ന് അവനറിയാം. മായങ്ക് മികച്ച പ്രെഫഷണൽ ക്രിക്കറ്ററാണ്. സ്റ്റമ്പിന് 20 മീറ്റർ പിന്നിൽ നിന്ന് അവൻ ബൗൾ ചെയ്യുന്നത് ഡഗ് ഔട്ടിൽ ഇരുന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.’ -രാഹുൽ പറഞ്ഞു.
ഐപിഎൽ കരിയറിൽ ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ മായങ്കിന് ലക്‌നൗ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പഞ്ചാബ് കിംഗ്‌സിനെതിരായ അരങ്ങേറ്റത്തിൽ 27 റൺസിന് മൂന്ന് വിക്കറ്റുമായി മായങ്ക് കളിയിലെ താരമായിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയ്‌ക്കാണ് ഐപിഎല്ലിൽ ലക്‌നൗ താരത്തെ സ്വന്തമാക്കിയത്. റോ പേസിന് പുറമെ പന്തിൻമേലുള്ള മികച്ച നിയന്ത്രണമാണ് മായങ്കിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.