ന്യൂഡൽഹി: തായ്‌വാനിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്‌വാനിൽ സംഭവിച്ചത് അതിദാരുണ സംഭവമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
” തായ്‌വാനിലുണ്ടായ ഭൂകമ്പം അതിദാരുണമാണ്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. തായ്‌വാനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ എപ്പോഴും ഒപ്പം നിൽക്കും.”- പ്രധാനമന്ത്രി കുറിച്ചു.
തായ്‌വാനിലെ കിഴക്ക് ഭാഗത്തായാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. നിലവിൽ ഏഴ് പേർ മരിച്ചതായും 700ലധികം പേർക്ക് ഭൂചലനത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
125ലധികം കെട്ടിടങ്ങൾ തകർന്നതായും നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ അനുഭവപ്പെട്ടതിൽ ഏറ്റവും ശക്തമായ ഭൂചലനമായിരുന്നു ഇതെന്ന് തായ് വാൻ അധികൃതർ അറിയിച്ചു. ഹുവാലിയനിൽ ഇന്ന് രാവിലെയോടെ ആയിരുന്നു ഭൂചലനം.