ദേശീയപാത അതോറിറ്റിയുടെ ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’ മാനദണ്ഡം പ്രാബല്യത്തിൽ. ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകൾ ഒരു വാഹനത്തിൽ ഉപയോഗിക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് നീക്കം. ഒരു വാഹനത്തിന് ഒന്നിൽ കൂടുതൽ ഫാസ്ടാഗുകൾ ഉണ്ടെങ്കിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം നിർജ്ജീവമാകും.
കെവൈസി നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ടുകളിൽ ഫാസ്ടാഗ് ഇഷ്യു ചെയ്യുന്നതുൾപ്പെടെ ആർബിഐ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. നേരത്തെ ഫാസ്ടാഗ് ഉപയോക്താക്കൾ കെവൈസി നിബന്ധനകൾ പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യർത്ഥിച്ചിരുന്നു.
ടോളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് തടയിടുക എന്നതാണ് ഇത്തരം മാറ്റങ്ങളിലൂടെ ദേശീയപാത അതോറിറ്റി പ്രധാനമായും ലക്ഷ്യം വെയ്‌ക്കുന്നത്. ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാഹനത്തിന്റെ വിവരങ്ങളും നമ്പരും നൽകിയാൽ വാഹനവുമായി ബന്ധപ്പെട്ട് ആക്ടീവായ ഫാസ്ടാഗിന്റെ വിശദാംശങ്ങൾ അറിയാൻ കഴിയും.
ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കിയിട്ടില്ലേ എന്നറിയുന്നതിന് ഉപയോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം…
കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത ഉപയോക്താക്കൾക്ക് സാധാരണമായി ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ ബാങ്കിന്റെ ആപ്ലിക്കേഷൻ മുഖേന അറിയിപ്പ് ലഭിക്കുന്നതായിരിക്കും. അറിയിപ്പ് ലഭിച്ചാൽ എൻഎച്ച്എഐയുടെയോ ബാങ്കുകൾ നൽകുന്നതോ ആയ ഫാസ്ടാഗുകൾക്ക് വേണ്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ഒരു വാഹനത്തിന് വേണ്ടി വാങ്ങിയ ഫാസ്ടാഗുകൾ മറ്റൊരു വാഹനത്തിൽ ഉപയോഗിക്കാൻ സാധിക്കുമോ…
ഏത് വാഹനത്തിന് വേണ്ടിയാണോ ഫാസ്ടാഗ് അനുവദിച്ചിട്ടുള്ളത് അതിൽ മാത്രമാകും ഉപയോഗിക്കാനാകുക. വാഹനത്തിന്റെ ആർസി കോപ്പിയെ അടിസ്ഥാനമാക്കിയാണ് ഫാസ്ടാഗുകൾ നൽകുന്നത്. ഇതിൽ പിഴവ് കണ്ടെത്തിയാൽ ഫാസ്ടാഗ് ഇഷ്യൂവർ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം.
രണ്ട് വർഷങ്ങൾക്ക് ശേഷം കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ചെയ്യാത്ത പക്ഷം എന്ത് നടപടിയാകും സ്വീകരിക്കുക…
പ്രധാനമായും വാലറ്റ് റീചാർജ് ചെയ്യുന്നതിലാകും നിയന്ത്രണം ഏർപ്പെടുത്തുക.എന്നാൽ ലോ ബാലൻസ് എന്ന് കാട്ടി ബ്ലോക്ക് ചെയ്യുന്നത് വരെയും ഇത് ഇടപാടുകൾക്കായി ഉപയോഗിക്കാവുന്നതാണ്.
കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്ങനെ…
ഐഎച്ച്എംസിഎൽ-ന്റെ കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുക. ഉപയോക്താക്കൾ മൈ പ്രൊഫൈൽ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് കൈവൈസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആവശ്യ വിവരങ്ങൾ പൂരിപ്പിച്ച ശേഷം രേഖകൾ സമർപ്പിക്കുക.
ഏഴ് പ്രവർത്തി ദിനങ്ങൾക്കുള്ളിലാകും കൈവൈസി അപ്‌ഡേഷൻ നടക്കുക. തടസങ്ങൾ നേരിടാതെ ടോൾ ഇടപാടുകൾ നടത്തുന്നതിനും ദേശീയ പാതകളിലെ ഫാസ്ടാഗ് സംവിധാനം കൈകാര്യം ചെയ്യുന്നതിനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.