ഹൈദരാബാദ്: ബഹിരാകാശ മേഖലയിൽ തദ്ദേശീയമായി നേടിയെടുത്ത കഴിവുകളിലൂടെ ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ കൃത്യമായ പ്രോഗ്രാമുകളും വഴികളുമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഹൈദരാബാദിലെ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് എക്സലൻസിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
” റോക്കറ്റുകളുടേയും ഉപഗ്രഹങ്ങളുടേയും വിക്ഷേപണം ഉൾപ്പെടെ ബഹിരാകാശ രംഗത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം തദ്ദേശീയമായ കഴിവ് നേടിയെടുക്കാൻ ഐഎസ്ആർഒയ്‌ക്ക് സാധിച്ചിട്ടുണ്ട്. നിർണായക മേഖലകളിൽ രാജ്യത്തിന് വേണ്ടിയുള്ള വിവിധ ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ നിർമ്മിക്കാനും ഈ കഴിവാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഐഎസ്ആർഒയ്‌ക്ക് സ്വന്തം പ്രോഗ്രാമുകളും വഴികളും ഉണ്ട്. അതാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ ശക്തി.
സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ ഈ രംഗത്തേക്ക് കടന്നുവരാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബഹിരാകാശ രംഗത്തേക്ക് കടന്നു വരുന്ന യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിന് കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് എക്സലൻസ് കഠിനമായി പ്രയത്‌നിക്കുന്നുണ്ട്.
മുൻകാലങ്ങളിൽ ഡോ.എ.പി.ജെ അബ്ദുൾ കലാം ചെയ്ത പല കാര്യങ്ങളും യുവാക്കൾക്ക് വലിയ പ്രചോദനം ഉണ്ടാക്കുന്നതാണ്. ഇന്ന് രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കും അവരുടെ മുന്നിലുള്ള പാതയെ കുറിച്ച് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ ഐഎസ്ആർഒയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും” എസ്.സോമനാഥ് പറയുന്നു.