തിരുവനന്തപുരം ; അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്
നവീനും ഭാര്യ ദേവിയും ചില അമാനുഷിക ചിന്തകളിലായിരുന്നുവെന്നു പിതാവ് പറഞ്ഞതായി അരുണാചലിലെ ലോവർ സുബാൻസിരി എസ്പി കെനി ബഗ്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദേവിയുടെയും ആര്യയുടെയും കൈകളിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതായിരുന്നു. എന്നാൽ നവീന്റെ കൈത്തണ്ടയിലെ മുറിവിന് അത്രയും ആഴമില്ല.ഏതെങ്കിലും വ്യക്തികളുടെയോ സമൂഹമാധ്യമ കൂട്ടായ്മകളുടെയോ സ്വാധീനമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്
മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യ മകളാണെന്നു പറഞ്ഞാണ് ഇവർ മുറിയെടുത്തത്. മുറിയിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്ഷീറ്റ് പോലും മാറിക്കിടന്നിരുന്നില്ല. വാതിലിനടിയിൽ തുണി വച്ച് അടച്ചിരുന്നുവെന്നും എസ് പി പറഞ്ഞു. മുറിവേൽപിക്കാൻ ഉപയോഗിച്ച ബ്ലേഡ് കട്ടിലിൽനിന്നാണു കണ്ടെത്തിയത്. പ്ലേറ്റിൽ കുറച്ചു മുടി മുറിച്ചുവച്ചിരുന്നു.
മൂവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ചശേഷം ഇന്നു കൊൽക്കത്ത വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും.