മുംബൈ: താൻ പാർട്ടിയിൽ നിന്ന് രാജി വയ്‌ക്കുന്ന കത്ത് നൽകിയതിന് പിന്നാലെയാണ്, പുറത്താക്കിയെന്ന് കാണിച്ച് കോൺഗ്രസ് വാർത്ത പുറത്ത് വിട്ടതെന്ന ആരോപണവുമായി സഞ്ജയ് നിരുപം. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാജിക്കത്ത് ലഭിച്ചതോടെയാണ് അവർ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്നും, തിടുക്കപ്പെട്ടുള്ള കോൺഗ്രസിന്റെ നടപടിയിൽ സന്തോഷം മാത്രമേ ഉള്ളു എന്നുമായിരുന്നു സഞ്ജയ് നിരുപമിന്റെ പരിഹാസം.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ആറ് വർഷത്തേക്ക് സഞ്ജയ് നിരുപമിനെ പുറത്താക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനത്തിന്റെ പേരിൽ ഇൻഡി മുന്നണിയുടെ ഭാഗമായ ശിവസേനയ്‌ക്കെതിരെ(ഉദ്ധവ് പക്ഷം) സഞ്ജയ് നിരുപം തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് കോൺഗ്രസ് വാദം.
പാർട്ടി നിലപാട് എടുക്കുന്നതിന് മുൻപ് താൻ തന്നെ അതിനുള്ളിൽ നിന്ന് സ്വയം പുറത്ത് വരാൻ തീരുമാനിച്ചിരുന്നുവെന്ന് സഞ്ജയ് നിരുപം പറയുന്നു. രാജിക്കത്ത് കൈമാറിയ സമയവും, പാർട്ടി പ്രസ്താവന പുറത്തുവന്ന സമയവുമെല്ലാം ഇതിന് തെളിവായി സഞ്ജയ് ചൂണ്ടിക്കാണിക്കുന്നു. ” ഇന്നലെ രാത്രിയാണ് പാർട്ടിക്ക് ഞാൻ രാജിക്കത്ത് കൈമാറുന്നത്. പിന്നാലെ അവർ എന്നെ പുറത്താക്കിയെന്ന് കാണിച്ച് അതിവേഗത്തിൽ ഒരു പ്രസ്താവന പുറത്ത് വിട്ടു. ഇതുപോലെ വേഗത്തിൽ നടപടികൾ എടുക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു” സഞ്ജയ് നിരുപം പറയുന്നു.
സഞ്ജയ് നിരുപമിനെ പുറത്താക്കിയ നടപടിക്ക് മല്ലികാർജ്ജുൻ ഖാർഗെ അനുമതി നൽകിയതായി പാർട്ടി പുറത്ത് വിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. ഉദ്ധവ് പക്ഷത്തിനെതിരെ വിമർശനം കടുപ്പിച്ചതോടെ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സഞ്ജയുടെ പേര് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ ശിവസേനയുടെ ഗജാനൻ കീർത്തികറിനോടാണ് സഞ്ജയ് പരാജയപ്പെട്ടത്. ഇക്കുറി മുംബൈ നോർത്ത്-വെസ്റ്റ് സീറ്റിൽ നിന്ന് മത്സരിക്കാൻ സഞ്ജയ് താത്പര്യം അറിയിച്ചിരുന്നു. എന്നാൽ ഉദ്ധവ് പക്ഷത്തെ അമോൽ കീർത്തികറിനെയാണ് ഇവിടെ ഇൻഡി മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ ഉദ്ധവ് പക്ഷത്തിനെതിരെയും അമോലിനെതിരെയും അഴിമതി ആരോപണങ്ങളുമായി സഞ്ജയ് രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് പാർട്ടി ഇയാൾക്കെതിരെ നടപടി എടുത്തത്.