തിരുവനന്തപുരം: കേരളാ തീരത്ത് വീണ്ടും ജാഗ്രതാ നിർദ്ദേശം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക, തെക്കൻ തമിഴ്നാട് തീരങ്ങളിലും മുന്നറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് ഉയർന്ന തിരമാല ഉണ്ടാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളാ തീരത്ത് കടൽക്ഷോഭവും കാറ്റുമെല്ലാം തുടരുന്ന സാഹചര്യമാണുള്ളത്.
സമുദ്രോപരിതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസത്തിൽ ഉണ്ടാകുന്നത്. അവിചാരിതമായി കടൽ കയറി വന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ കള്ളക്കടൽ പ്രതിഭാസമെന്ന് വിളിക്കുന്നത്.