കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് നായകൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ മാച്ച് റഫറി പിഴയിട്ടു. ഈ സീസണിലെ മൂന്ന് മത്സരങ്ങൾക്കിടെ രണ്ടാംവട്ടവും പിഴവ് വരുത്തിയതാണ് പന്തിന് ഇരട്ടി പിഴ ലഭിക്കാൻ കാരണമായത്. ഡൽഹിയുടെ മറ്റ് താരങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ഋഷഭ് ഒഴികെയുള്ള താരങ്ങൾക്ക് വിധിച്ചിരിക്കുന്ന പിഴ.
അതേസമയം ഒരിക്കൽ കൂടി പിഴവ് ആവർത്തിച്ചാൽ പന്തിനെ കാത്തിരിക്കുന്നത് മത്സര വിലക്കാണ്. മൂന്നാമതും തെറ്റ് ആവർത്തിച്ചാൽ പന്തിന് 30 ലക്ഷം പിഴയും ഒരു മത്സരത്തിൽ വിലക്കും ലഭിക്കും. ടീമംഗങ്ങൾക്ക് 12 ലക്ഷമോ മാച്ച് ഫീയുടെ 50 ശതമാനമോ ഏതാണോ കുറവ് അതാകും പിഴ.
അതേസമയം, കെകെആർ 106 റൺസിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 272 റൺസാണ് നേടിയത്. സുനിൽ നരെയ്ൻ, അംഗ്ക്രിഷ് രഘുവൻഷി, ആന്ദ്രെ റസൽ, റിങ്കു സിംഗ് എന്നിവരാണ് കെകെആറിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്‌കോറാണിത്. ഹൈദരാബാദിന്റെ 277 റൺസാണ് ഉയർന്ന ടീം സ്‌കോർ.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 17.2 ഓവറിൽ 166 റൺസിൽ അവസാനിച്ചു. ഋഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവർ മാത്രമാണ് ഡിസിക്കായി പോരാടിയത്.