അടുക്കളപുറങ്ങളിൽ എത്തുന്ന പച്ചക്കറികളിൽ നിത്യസാന്നിധ്യമായിരിക്കും വെണ്ടയ്‌ക്ക. വെണ്ടയ്‌ക്ക ഇല്ലാതെ എന്ത് സാമ്പാർ അല്ലേ? എന്നാൽ ഇതിലുള്ള കൊഴുപ്പ് കാരണം വെണ്ടയ്‌ക്കയെ മാറ്റി നിർത്തുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ അങ്ങനെ മാറ്റി നിർത്താൻ വരട്ടെ ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ല വെണ്ടയ്‌ക്ക. അതിരാവിലെ വെണ്ടയ്‌ക്ക ഇട്ടുവച്ച വെള്ളം കുടിക്കാം. ഗുണങ്ങൾ അറിഞ്ഞോളൂ..
വെണ്ടയ്‌ക്ക അരിഞ്ഞ് ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടുവയ്‌ക്കുക. അതിരാവിലെ ഈ വെള്ളം കുടിക്കാം. പ്രമേഹം കുറയ്‌ക്കുന്നതിനും പ്രമേഹ സാധ്യതകൾ കുറയ്‌ക്കുന്നതിനും ഉത്തമമാണ് വെണ്ടയ്‌ക്ക വെള്ളം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ധാരാളം നാരുകളാൽ സമ്പുഷ്ടമാണ് വെണ്ടയ്‌ക്ക. ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
നിർജ്ജലീകരണം തടയുന്നതിനും കൊളസ്‌ട്രോൾ സാധ്യതകൾ കുറയ്‌ക്കുന്നതിനും വെണ്ടയ്‌ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.















