ഗില്ലിന്റെ പവർ ഹിറ്റിംഗിൽ തകർന്ന് പഞ്ചാബിന്റെ ബൗളിംഗ് നിര. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ഗുജറാത്ത് നേടിയത്. ഈ സീസണിലെ അവരുടെ മികച്ച സ്കോറാണിത്. അവസാന ഓവറുകളിൽ തകർത്തടിച്ച് സ്കോറിംഗിന് വേഗം കൂട്ടിയ തെവാട്ടിയയും ഗുജറാത്തിന് നിർണായക സംഭാവന നൽകി. 19 പന്തിൽ 33 റൺസ് നേടിയ സായ് സുദർശനാണ് മറ്റൊരു ടോപ് സ്കോറർ.48 പന്തിൽ 4 കൂറ്റൻ സിക്സും 6 ബൗണ്ടറികളുമടക്കമാണ് ഗിൽ 89 റൺസ് നേടിയത്.
ആദ്യമായി ബാറ്റിംഗിനിറങ്ങിയ കെയ്ൻ വില്യംസൺ 26 റൺസ് നേടി തുടക്കം മോശമാക്കിയില്ല. എട്ടോവറിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി പതറിയ ഗുജറാത്തിനെ ശുഭ്മാൻ ഗിൽ- സായ്സുദർശൻ സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 32 പന്തിൽ 53 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. സായ് വീണതിന് പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കറുമാെത്ത് 42 റൺസ് കൂട്ടുക്കെട്ടുണ്ടാക്കാനും ഗില്ലിനായി.
എന്നാൽ ഇതിൽ 8 റൺസായിരുന്നു ശങ്കറിന്റെ സംഭാവന. 8 പന്തിൽ 23 റൺസ് നേടിയ തെവാട്ടിയയാണ് ഗുജറാത്തിനെ 190 കടത്തിയത്. ഒരു വിക്കറ്റെടുത്ത ഹർഷൽ പട്ടേൽ പതിവ് തെറ്റിക്കാതെ ഈ മത്സരത്തിലും 40ലധികം റൺസ് വഴങ്ങി. രണ്ടു വിക്കറ്റ് നേടിയ കഗിസോ റബാദയും 44 റൺസ് വിട്ടുനൽകി. ഹർപ്രീത് ബ്രാറിന് ഒരുവിക്കറ്റ് ലഭിച്ചു.