അന്ത്യന്തം ആവേശകരമായ മത്സരത്തിൽ ശശാങ്ക് സിംഗിന്റെ ചിറകേറി പഞ്ചാബിന് സീസണിലെ രണ്ടാം ജയം. ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ലേലത്തിനിടെ അബദ്ധത്തിൽ ടീമിലെത്തിച്ച ശശാങ്ക് സിംഗിന്റെ ഇന്നിംഗ്സാണ് പഞ്ചാബിന്റെ വിജയത്തിന് അടിത്തറ പാകിയത്.
29 പന്തിൽ 61 റൺസ് നേടി ടീമിനെ വിജയ തീരത്ത് അടുപ്പിച്ച ശശാങ്കാണ് കളിയിലെ താരം. തകർച്ചയോടെ തുടങ്ങിയ പഞ്ചാബിന് പ്രഭ്സിമ്രാൻ സിംഗ് (35) പ്രതീക്ഷ നൽകി. നൂർ അഹമ്മദി പ്രഭ്സിമ്രാനെ വീഴ്‌ത്തി തിരിച്ചടിച്ചു. പിന്നാലെയെത്തിയ സാം കറൻ(5), സിക്കന്ദർ റാസ(15), ജിതേഷ് ശർമ്മ(16) എന്നിവർ നിരാശരാക്കി പെട്ടെന്ന് കൂടാരം കയറി.
എന്നാൽ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി അശുതോഷ് ശർമ്മ 31(12) ഗുജറാത്തിന്റെ വിജയ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു. ശശാങ്ക് സിംഗിനൊപ്പം 43(22) റൺസിന്റെ കൂട്ടുക്കെട്ടുയർത്തി പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ച ശേഷമാണ് അശുതോഷ് ക്രീസ് വിട്ടത്. പഞ്ചാബിനായി നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ,മോഹിത് ശർമ്മ, ദർശൻ നൽകണ്ടേ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.