ലക്നൗ: മൂന്ന് ഹിസ്ബുൾ ഭീകരരെ പിടികൂടി ഉത്തർപ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡ്. നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന രണ്ട് പാക് പൗരന്മാരും ജമ്മു സ്വദേശിയുമാണ് യുപി എടിഎസിന്റെ വലയിലായത്.
ഇസ്ലാമാബാദ് സ്വദേശി സയ്യിദ് ഗസൻഫർ, രാവൽപിണ്ടി സ്വദേശി മുഹമ്മദ് അൽതാഫ് ഭട്ട്, ശ്രീനഗർ സ്വദേശി നസീർ അലി എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും പാക് രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെ ഹിസ്ബുൾ മുജാഹിദിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നുവെന്നും എടിഎസ് കണ്ടെത്തി.
രണ്ട് മൊബൈൽഫോണുകൾ, മെമ്മറി കാർഡ്, മൂന്ന് പാസ്പോർട്ടുകൾ, ഏഴ് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, രണ്ട് വിമാന ടിക്കറ്റ്, രണ്ട് പാക്ക് തിരിച്ചറിയൽ കാർഡ്, നേപ്പാൾ, ബംഗ്ലാദേശ്, ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളിലെ കറൻസികളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.















