എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. അന്വേഷണം വൈകുന്നത് നീതി പരാജയപ്പെടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിബിഐയ്‌ക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രസർക്കാരിനോടും നിർദ്ദേശിച്ചു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സിംഗിൽ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാന സർക്കാർ 18 ദിവസം വൈകിയാണ് സിബിഐയ്‌ക്ക് അന്വേഷണത്തിനുള്ള രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ആരോപിച്ച് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബച്ചു കുര്യൻ തോമസിന്റെ നിർദേശം.
സിബിഐയ്‌ക്ക് സംസ്ഥാന സർക്കാർ മാർച്ച് 26ന് രേഖകൾ കൈമാറിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. എന്നാൽ മരണത്തിൽ സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കി 18 ദിവസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് ഹർജിക്കാർ പറഞ്ഞു. തുടർന്നാണ് നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചത്. ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.















