തിരുവനന്തപുരം: വർക്കലയിൽ കടലിൽ നീന്തുന്നതിനിടെ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരിച്ചത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ തിരയിൽപെടുകയായിരുന്നു.
ശക്തമായ തിരമാലയിൽപ്പെട്ട റോയ് ജോണിന്റെ തല മണൽത്തിട്ടയിൽ ഇടിച്ചു. ഇതോടെ റോയ് അബോധാവസ്ഥയിലായി. തുടർന്ന് നാട്ടുകാരും ലൈഫ് ഗാർഡും പൊലീസും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കടലിലേക്കുള്ള യാത്രകൾ പൂർണമായി നിർത്തി വയ്ക്കണമെന്നും തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.