അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് നൽകുന്നത് വിവിഐപി പരിഗണനയെന്ന് സർക്കാർ ലാഹോർ കോടതിയെ അറിയിച്ചു. പിടിഐ സ്ഥാപകന് ഏഴ് സെല്ലുകൾ അനുവദിച്ചു. സുരക്ഷയ്ക്ക് 14 പേരെ നിയമിച്ചിട്ടുണ്ടെന്നും പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.മുൻ പ്രധാനമന്ത്രിക്ക് പ്രത്യേക അടുക്കളയും ഒരുക്കിയിട്ടുണ്ട്.
റാവൽപിണ്ടിയിലെ അഡിയാല ജയിലിലെ സുരക്ഷ ആശങ്കകളെക്കുറിച്ചുള്ള ഇമ്രാന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ മുൻ പ്രധാനമന്ത്രിക്ക് നൽകിയ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ഹൈക്കോടതി ജഡ്ജി മാലിക് ഷഹ്സാദ് അഹമ്മദ് ഖാനാണ് വാദം കേൾക്കുന്നത്. സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് സമർപ്പിച്ചു.
ഏഴുസെല്ലുകൾ ഇമ്രാനു വേണ്ടി റിസർവ് ചെയ്തിട്ടുണ്ട്. സാധാരണ പത്തു തടവുകാർക്കാണ് ഒരു സുരക്ഷ ഉദ്യോഗസ്ഥനെ അനുവദിക്കുന്നത്. എന്നാൽ ഇമ്രാന് മാത്രം 14 പേരെ അനുവദിച്ചു. 50,000 രൂപ മുടക്കി സിസിടിവി കാമറകളും സ്ഥാപിച്ചു. പ്രത്യേക അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഈദിന് ശേഷം വാദം കേൾക്കുമെന്ന് അറിയിച്ച് കോടതി പിരിഞ്ഞു.