ശ്രുതി പ്രകാശ്
ഒരു അധിനിവേശത്തിനും വഴങ്ങിക്കൊടുക്കാതെ മുഗളന്മാരോടും ബ്രിട്ടീഷുകാരോടും സായുധരായി പോരാടിയ ചരിത്രമുള്ളവരാണ് അസമിലെ അഹോം ജനത. സരാഘട്ട് യുദ്ധത്തിൽ മുഗളന്മാരെ തുരത്തിയ ലചിത് ബോർഫുകന്റെ പിൻഗാമികളാണ് അവർ. അഹോമുകളുടെ പ്രധാനപ്പെട്ട ഒരു പടപ്പാളയമായിരുന്നു ദിബ്രുഗഢ്. ഇന്ന് രാജ്യം തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലാകുമ്പോൾ അസമിലെ തേയില തോട്ടങ്ങൾ നിറഞ്ഞ ഈ മണ്ഡലത്തിലും ആവേശം പടരുന്നു. പ്രചാരണ കാഹളങ്ങൾ മുഴക്കി സ്ഥാനർത്ഥികൾ രാജ്യത്തിന്റെ ഒരോ കോണിലുമെത്തുമ്പോൾ അസമിലെ ദിബ്രുഗഢിലും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പോരാട്ടക്കളം ഒരുങ്ങി കഴിഞ്ഞു. ഒരു കാലത്ത് കോൺഗ്രസ് അടക്കി ഭരിച്ചിരുന്ന മണ്ഡലമായിരുന്നു ദിബ്രുഗഢ്. എന്നാൽ ആ പതിവ് തെറ്റിയത് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലായിരുന്നു. ചരിത്രം വഴി മാറി, ദിബ്രുഗഢ് മണ്ഡലത്തിൽ കാവിക്കൊടികൾ പറന്നു.. ദിബ്രുഗഢിലെ ജനത ബിജെപിയെ ഏറ്റെടുത്തതിങ്ങനെ..
ചരിത്രം വഴിമാറിയ വർഷം
2014ലെ ചരിത്രത്തിൽ നിന്ന് തന്നെ തുടങ്ങാം. കോൺഗ്രസ് അടക്കി ഭരിച്ചിരുന്ന ദിബ്രുഗഢ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാമേശ്വർ തേലിക്ക് വഴിമാറിക്കൊടുത്തു. 4,94,364 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഐഎൻസിയുടെ പബൻ സിംഗ് തോൽവി ഏറ്റുവാങ്ങി. 2014ൽ ആകെ 8,91,129 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
2014 ലെ തോൽവി പിന്നീട് കോൺഗ്രസിന് സമ്മാനിച്ചത് പരാജയങ്ങൾ മാത്രമായിരുന്നു. 2019ൽ വീണ്ടും തെരഞ്ഞെടുപ്പെത്തി, വീണ്ടും രാമേശ്വർ തേലി എംപിയായി ദിബ്രുഗഢ് മണ്ഡലത്തിൽ വിജയിച്ചു. 6,59,583 വോട്ടുകൾ നേടി രാമേശ്വർ തേലി എതിർ സ്ഥാനാർത്ഥിയായിരുന്ന പബൻ സിംഗിനെ വീണ്ടും പരാജയത്തിന്റെ കയ്പ്പറിയിച്ചു. ലോക്സഭയിൽ 14 സീറ്റുകളുള്ള അസമിൽ 6 സീറ്റുകളാണ് എൻഡിഎ പിടിച്ചെടുത്തത്. അങ്ങനെ 2019ലെ തെരഞ്ഞെടുപ്പിന് ശേഷം 5 വർഷങ്ങൾ പിന്നിട്ട് 2024 എത്തിയിരിക്കുന്നു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ചൂടിലാണ് ദിബ്രുഗഢ്. ഏപ്രിൽ 19നാണ് ദിബ്രുഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനം. ചൂടേറിയ പ്രചാരണങ്ങൾ നടക്കുമ്പോൾ മണ്ഡലം ഉറ്റുനോക്കുന്നത് ഒരു സ്ഥാനാർത്ഥിയിലേക്ക്.. ഇത്തവണ ദിബ്രുഗഢിൽ മത്സരിക്കുന്നത് ബിജെപിയുടെ സർബാനന്ദ സോനോവാൾ!
ആരാണ് ദിബ്രുഗഢിനെ പിടിച്ചുകുലുക്കിയ സർബനന്ദ സോനോവാൾ..?
1962 ഒക്ടോബർ 31ന് അസമിലെ ദിബ്രുഗഢ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുലുക്ക് ഗാവിൽ ഒരു അസമീസ് ഹിന്ദു സോനോവാൾ കുടുംബത്തിൽ ജനനം. ദിബ്രുഗഢിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലായിരുന്നു സർബാനന്ദ സോനോവാൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ശേഷം ദിബ്രുഗഢ് സർവ്വകലാശാലയുടെ കീഴിലുള്ള ദിബ്രുഗഢ് ഹനുമാൻബാക്‌സ് സൂരജ്മൽ കനോയി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിഎ(ഓണേഴ്‌സ്) ബിരുദവും ഗുവാഹാത്തി സർവ്വകലാശാലയിൽ നിന്ന് ദിബ്രുഗഢ് യൂണിവേഴ്‌സിറ്റിയും ബിസിജെയും എൽഎൽബിയും പൂർത്തിയാക്കി. പിന്നീട് അദ്ദേഹം രാഷ്‌ട്രീയത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു.
അസം ഗണ പരിഷത്ത് ( എജിപി) പാർട്ടിയിലായിരുന്ന സർബാനന്ദ സോനോവാൾ പാർട്ടിയിലെ മുതിർന്ന നേതൃത്വങ്ങളുമായുള്ള അതൃപ്തിയിൽ എജിപിയിൽ നിന്ന് പടിയിറങ്ങി. തുടർന്ന് 2011 ഫെബ്രുവരി 8-ന് അന്നത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി, വരുൺ ഗാന്ധി, വിജയ് ഗോയൽ, ബിജോയ് ചക്രവർത്തി, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ രഞ്ജിത് ദത്ത തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ സോനോവാൾ ബിജെപിയിൽ ചേർന്നു. അദ്ദേഹത്തെ വൈകാതെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായും പിന്നീട് ബിജെപി യൂണിറ്റിന്റെ സംസ്ഥാന വക്താവായും നിയമിച്ചു.
മുഖ്യമന്ത്രി പദവിലേക്കുള്ള യാത്ര..
2016 ജനുവരി 28ന് ബിജെപി പാർലമെന്ററി ബോർഡ് സർബാനന്ദ സോനോവാളിനെ അസമിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 2016 മെയ് 19 ന്, സർബാനന്ദ സോനോവാൾ മജുലി മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അസമിന്റെ മുഖ്യമന്ത്രിയായി. ചരിത്രം തിരുത്തി കുറിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള അസമിന്റെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. 2021-ൽ അദ്ദേഹം മജുലിയിൽ നിന്ന് അസം വിധാൻസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം തുടർന്ന് മുഖ്യമന്ത്രി പദവിലേക്ക് ഹിമന്ത ബിശ്വ ശർമ്മയുടെ പേര് നിർദ്ദേശിച്ചു. മന്ത്രിസഭാ പുനഃസംഘടന നടന്നപ്പോൾ അദ്ദേഹം രണ്ടാം മോദി സഭയിൽ തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രിയും ആയുഷ് മന്ത്രിയുമായി ചുമതലയേറ്റു.
ഇനി മൂന്നാം മോദി സർക്കാരിനായുള്ള തെരഞ്ഞെടുപ്പ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ദിബ്രുഗഢ് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് 2024 ഏപ്രിൽ 19 ന് നടക്കുമ്പോൾ അസം ദേശീയ പരിഷത്ത് സ്ഥാനാർത്ഥി ലുറിൻജ്യോതി ഗൊഗോയിക്കെതിരെയാണ് ഇത്തവണ സർബാനന്ദ സോനോവാൾ മത്സരിക്കുന്നത്. 2014ലെയും 2019ലെയും ചരിത്രം വീണ്ടും ആവർത്തിക്കാൻ പോകുന്നതിന്റെ ഉത്സവത്തിലാണ് ദിബ്രുഗഢ്. ഇനി പോരാട്ടത്തിന്റെ നാളുകൾ.. വീണ്ടും കാവിയണിയാൻ ദിബ്രുഗഢ് ഒരുങ്ങിക്കഴിഞ്ഞു..