ബെംഗളൂരു: രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇൻഡി സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. ഇതിന്റെ വൈരുദ്ധ്യമാണ് സമൃതി ഇറാനി ചോദ്യം ചെയ്തത്.
തികച്ചും പരിതാപകരമായ അവസ്ഥയിൽ കൂടിയാണ് പ്രതിപക്ഷ സഖ്യം കടന്നു പോകുന്നതെന്ന് കർണാകയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്ന സിപിഐ ഇൻഡി യോഗത്തിനായി ഡൽഹിയിൽ പോകുമ്പോൾ രാഹുലിനെ കെട്ടിപ്പിടിക്കുന്നു. ഇത് എങ്ങനെ അംഗീകരിക്കാൻ സാധിക്കും. കോൺഗ്രസും ഇടതു മുന്നണിയും ഡൽഹിയിൽ കെട്ടിപ്പിടുത്തവും, കേരളത്തിൽ പോരാട്ടവുമാണ് നടത്തുന്നത്. ‘ it is Delhi mein hugging, Kerala mein begging, Karnataka mein thugging ‘ സ്മൃതി ഇറാനി പരിഹസിച്ചു.
കഴിഞ്ഞ ദിവസം വയനാടിലെത്തിയ സ്മൃതി ഇറാനി, രാഹുലിനെതിരെയും ഇൻഡി സഖ്യത്തിനെതിരെയും രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനായാണ് സ്മൃതി ഇറാനി എത്തിയത്. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി നടത്തിയ അഭിമുഖത്തിൽ കാര്യകാരണ സഹിതമാണ് രാഹുലിന്റെ നിലപാടില്ലായ്മയെ അവർ ചോദ്യം ചെയ്തത്.
സിപിഐ സെക്രട്ടറിയായ ആനി രാജയാണ് വയനാടിൽ രാഹുലിനെതിരെ മത്സരിക്കുന്നത്. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും വയനാട്ടിൽ വന്ന് രാഹുൽ മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.















