ന്യൂഡൽഹി: ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കാലം രാജ്യം ഭരിച്ചവരുടെ മുഖമുദ്രയായിരുന്ന അഴിമതി, കുടുംബ രാഷ്‌ട്രീയം, വർഗീയത, വോട്ട് ബാങ്ക് രാഷ്‌ട്രീയം എന്നിവയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘രാജ്യം ആദ്യം’ എന്നതാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. ഈ മന്ത്രത്തിലൂന്നിയാണ് ജനങ്ങളെ സേവിക്കുന്നത്. പാർട്ടിയുടെ പ്രവർത്തനങ്ങൾ ബിജെപിയെ ജനപ്രിയമാക്കി മാറ്റിയെന്ന് പൂർണ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. തങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും 21-ാം നൂറ്റാണ്ടിനെ നയിക്കാനും കഴിവുള്ള പാർട്ടിയായാണ് ബിജെപിയെ യുവാക്കൾ കാണുന്നത്.
ഇന്ത്യ പുതിയ ലോക്സഭയെ തെരഞ്ഞെടുക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കെട്ടിപ്പടുത്ത അടിത്തറയിൽ വീണ്ടും ബിജെപിക്ക് ജനങ്ങൾ അവസരം നൽകുമെന്ന് ഉറപ്പുണ്ട്. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുന്നവരാണ് പ്രവർത്തകർ. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് പാർട്ടി മുന്നോട്ട് വയ്‌ക്കുന്ന ദേശീയത എന്ന ആശയത്തെ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രവർത്തകർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ഇന്ത്യയിൽ വിവേചനമില്ലാതെ വികസനം എല്ലാവരിലേക്കും എത്തുന്നു. ശുദ്ധവും സുതാര്യവുമായ ഭരണത്തിനാണ് തങ്ങൾ ഊന്നൽ നൽകുന്നത്. കേന്ദ്രഭരണത്തിലും സംസ്ഥാന ഭരണത്തിലും സദ്ഭരണത്തെ അടയാളപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞു. ദരിദ്രരിലേക്കും അധഃസ്ഥിതരിലേക്കും പാർട്ടി എത്തി കഴിഞ്ഞു, കേന്ദ്ര പദ്ധതികൾ എത്തി കഴിഞ്ഞു. ജീവിക്കാനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വിജയം കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.















