കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതായും പാർട്ടിയുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പച്ചതായും സജി പറഞ്ഞു.
മോൻസ് ജോസഫിന്റെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി മാദ്ധ്യമങ്ങളോട് പറഞ്ഞു. 2016 ൽ പൂഞ്ഞാർ സീറ്റ് നൽകാമെന്ന് പറഞ്ഞിട്ട് തന്നില്ല. ഒരു ബൊമ്മയായി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ പറ്റില്ല. പാർട്ടി ജില്ലയിൽ നടത്തുന്ന പരിപാടികളിൽ ഉദ്ഘാടനാക്കിയില്ലെന്ന് പറഞ്ഞ് മോൻസ് പലവട്ടം ദേഷ്യപ്പെട്ടു. ഇതെല്ലാം ഒരുപാട് മാനസിക വിഷമുണ്ടാക്കി. പി ജെ ജോസഫുമായി അഭിപ്രായ ഭിന്നതയില്ല. എന്നാൽ മോൻസ് ജോസഫ് ഉള്ള പാർട്ടിയിലും മുന്നണിയിലും ഇനി താൻ ഇല്ലെന്നും സജി വ്യക്തമാക്കി.
ജില്ലാ പ്രസിഡൻ്റായ തനിക്ക് ഓഫീസിൽ കയറുന്നതിനു വരെ നിയന്ത്രണമുണ്ടെന്നും മോൻസും കൂട്ടരും തന്നെ അപമാനിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും സജി ആരോപിച്ചു. മോൻസ് ജോസഫിന്റെ അപ്രമാദിത്വം മൂലം നേതാക്കൾക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും സജി മഞ്ഞക്കടമ്പിൽ വികാരാധീനനായി കൂട്ടിച്ചേർത്തു.















