ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഐ. അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും ഗവർണർ പദവി നീക്കം ചെയ്യുമെന്നും പ്രഖ്യാപിച്ചാണ് സിപിഐ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ഡൽഹി, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്ക് സംസ്ഥാന പദവി നൽകും. നീതി ആയോഗ് ഒഴിവാക്കും, പ്ലാനിങ് കമ്മീഷനും ജമ്മു കശ്മിരിന്റെ പ്രത്യക അധികാരവും പുനഃസ്ഥാപിക്കും, അഗ്നിപഥ് പദ്ധതി പിൻവലിക്കും, സാമൂഹ്യക്ഷേമ പദ്ധതികളിൽ ആധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും, അന്താരാഷ്‌ട്ര തോഴിലാളി ദിനമായ മേയ് 1ന് രാജ്യവ്യാപകമായി അവധി നൽകും, സച്ചാർ-രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് പത്രിക പുറത്തിറക്കിയത്.
ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ, ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അത്യന്താപേക്ഷിതണെന്ന് ഡി. രാജ ചൂണ്ടിക്കാട്ടി. ബിജെപിയെ തോൽപ്പിക്കാനാണ് ജനങ്ങൾ വോട്ടുചെയ്യേണ്ടതെന്നും എങ്കിൽ മാത്രമേ ഇന്ത്യക്ക് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കാൻ കഴിയൂവെന്നുമാണ് ഡി. രാജ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയിലും സിഎഎ റദ്ദാക്കുമെന്നും കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
സിഎഎ നിയമം മുസ്ലീം വിരുദ്ധമാണെന്ന് കുപ്രചരണം നടത്തിയവരിൽ മുന്നിലായിരുന്നു ഇടതുപക്ഷം. മുസ്ലീം സമൂഹത്തിനിടയിൽ ഭീതി വിതച്ച് അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്ന ഇടത് നേതാക്കൾ, ഇസ്ലാം മതവിശ്വാസികളുടെ ഏക രക്ഷകരായി സ്വയം ചിത്രീകരിക്കാനായിരുന്നു കഠിന പരിശ്രമം നടത്തിയത്. ഒരേസമയം മുത്തലാഖിനെയും യുസിസിയെയും എതിർക്കുന്ന സിപിഎം/ സിപിഐ നേതാക്കൾ സിഎഎ നിയമം മുസ്ലീം വിരുദ്ധമാണെന്ന ഇരട്ടനിലപാട് ഉയർത്തിയതോടെ വൻ വിമർശനങ്ങൾക്ക് വിധേയരാകേണ്ടിയും വന്നു. കൂടാതെ കശ്മീരിൽ സംഭവിച്ച വികസനങ്ങളും മാറ്റങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന ഇടതുമുന്നണി, കശ്മീരിൽ സമാധാനമില്ലെന്ന പ്രചരണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.